ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ തീവ്രവാദത്തിന്റെ പുതിയ മുഖമാണ് വെള്ളിയാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 21 കാരനായ ബുര്‍ഹന്‍ മുസാഫര്‍ വാനി എന്ന യുവാവ്. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമെന്നു പേരെടുത്ത ബുര്‍ഹന്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് വീടുവിട്ട് ഭീകരര്‍ക്കൊപ്പം ചേരുകയായിരുന്നു. ഏറ്റുമുട്ടലുകളിലൊന്നിലും പങ്കെടുത്തിട്ടില്ലെങ്കിലും താഴ്‌വരയിലെ വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കുന്നതില്‍ ബുര്‍ഹന്‍ വിജയിച്ചു. പത്തു ലക്ഷം രൂപയാണ് ഈ ഭീകരന്റെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്. സോഷ്യല്‍ മീഡിയയിലെ ഇയാളുടെ ഇടപെടലുകളും രഹസ്യാന്വേഷണവിഭാഗം പിന്തുടര്‍ന്നിരുന്നു.
യുവാക്കളെ ഭീകര ക്യാമ്പുകളിലെത്തിക്കുന്നതിനു ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന വീഡിയോകളിലെ പതിവുമുഖമാണിയാള്‍. തെക്കന്‍ കാഷ്മീരിലെ ത്രാലില്‍ ഒരു സമ്പന്ന കുടുംബത്തിലാണു ജനനം. പിതാവ് സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ ഈ യുവാവ് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഉജ്വല പ്രസംഗികനുമാണ്. 2010 ല്‍, 15- ാം വയസിലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ അംഗമായത്. സഹോദരനെ സുരക്ഷാസേന മര്‍ദിച്ചതിലുള്ള പ്രതിഷേധമാണിതിനു പ്രേരിപ്പിച്ചതത്രെ. ഹുറിയത്തിന്റെ വനിതാവിഭാഗം നേതാവ് ആസ്യാ ആന്ദ്രാബിയുടെ ട്വിറ്റുകള്‍ റീ ട്വീറ്റ് ചെയ്യുന്നതു പതിവാക്കിയിരുന്ന ബുര്‍ഹന്റെ ഫേസ്ബുക്കില്‍ ഇന്ത്യാവിരുദ്ധ-മോദി വിരുദ്ധ സന്ദേശങ്ങള്‍ നിറഞ്ഞിരുന്നു.
ബുര്‍ഹന്റെ സഹോദരരിലൊരാളെ കഴിഞ്ഞവര്‍ഷം സൈന്യം വധിച്ചിരുന്നു.ത്രാലിലെ വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബുര്‍ഹനെ കാണാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ സുരക്ഷാസേന വധിച്ചത്. ബുര്‍ഹനൊപ്പം കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സര്‍താജ് അഹമ്മദ് എന്ന ഭീകരനാണെന്ന് ജമ്മു കാഷ്മീര്‍ പോലീസ് തലവന്‍ കെ. രാജേന്ദ്ര അറിയിച്ചു. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.