വടക്കഞ്ചേരി: പൊട്ടകിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്താന്‍ വനപാലകര്‍ എത്താന്‍ വൈകിയത് നാട്ടുകാരെ പ്രകോപിപ്പിച്ചു. വണ്ടാഴി പാലമുക്ക് കീഴ്പാലയില്‍ റബര്‍തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിലാണ് കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളികളാണ് കിണറ്റില്‍വീണ പന്നിയെ കണ്ടത്. രാവിലെ തന്നെ വനപാലകരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഡിഎഫ്ഒ ഓഫീസിലും റേഞ്ച് ഓഫീസിലും വിവരം നല്കി. വൈകുമെന്നു പറഞ്ഞ് വനപാലകര്‍ നാട്ടുകാരെ കുഴക്കി.
ഒടുവില്‍ ഉച്ചയ്ക്കുശേഷം നാട്ടുകാര്‍ തന്നെ കിണറ്റിലിറങ്ങി കുടുക്കിട്ട് ചാക്കിലാക്കി പന്നിയെ കരയ്ക്കുകയറ്റി. പിന്നീട് രണ്ടരയോടെയാണ് വനപാലകര്‍ എത്തിയത്. തുടര്‍ന്നു പ്രാഥമിക ശുശ്രൂഷ നല്കി പന്നിയെ കാട്ടില്‍വിട്ടു.ഇരുപതു കിലോ തൂക്കംവരുന്ന പെണ്‍പന്നിയെ മധു, വിമല്‍, സതീശ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കിണറിലെ ചേറില്‍പൂണ്ട് പന്നി തളര്‍ന്നിരുന്നു. കാട്ടുപന്നികള്‍ കൂട്ടമായി വിഹരിക്കുന്ന പ്രദേശമാണിത്. ഓടുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നു കരുതുന്നു.