കീഴൂര്‍ കുന്നിടിക്കല്‍ തടഞ്ഞ് ബിജെപി കൊടി നാട്ടി; പ്രതിഷേധം ശക്തമാകുന്നു.

knr-mannuഇരിട്ടി: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കീഴൂര്‍കുന്ന ഇടിച്ചു നിരത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കുന്നിടിക്കുന്നത് തടഞ്ഞു കൊണ്ടു ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടി. ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊടി നാട്ടിയത്. പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ളതാണ് കീഴൂര്‍ കുന്ന്്. മട്ടന്നൂര്‍-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയോരത്തെ ഈ കുന്ന്  ഇടിച്ചു നിരത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ബിജെപി രംഗത്തെത്തിയത്.

ഇതിനകം അരയേക്കല്‍ കുന്ന് ഇടിച്ചു നിരപ്പാക്കി കഴിഞ്ഞു. കുന്നിടിച്ചെടുത്ത മണ്ണ്  ഉപയോഗിച്ചു ഹൈവേയക്കു സമീപത്തെ കുഴി നികത്തുകയായിരുന്നു. നേരത്തെ കുന്നിന്റെ ചില ഭാഗങ്ങള്‍ ഇടിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് രാത്രിയുടെ മറവിലായിരുന്നു കുന്നിടിക്കല്‍. എന്തു വിലകൊടുത്തും കുന്നിടിക്കുന്നതു തടയും എന്നു ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട. ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ. ശിവശങ്കരന്‍, ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ  പി.എന്‍. രവീന്ദ്രന്‍, കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, കെ. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് കുന്നിടിക്കല്‍ തടഞ്ഞു കൊണ്ടു കൊടിനാട്ടിയത്.

Related posts