സിജോ പൈനാടത്ത്
കൊച്ചി: ഒരു കുഞ്ഞുശരീരത്തിലെ കരളിന്റെ തുടിപ്പിനായി കുരുന്നുകള്‍ കൈകോര്‍ത്തു; നാട്ടിലും നഗരത്തിലും അവര്‍ കൈനീട്ടി. ആ കരങ്ങളിലേക്കു സുമനസുകള്‍ നന്മയുടെ കാരുണ്യം ചൊരിഞ്ഞപ്പോള്‍ നാലുമാസം പ്രായമുള്ള അദ്യുതിന്റെ കരളറിഞ്ഞു, പ്രതീക്ഷയുടെ സ്പന്ദനം!സഹപാഠിയുടെ കുഞ്ഞുസഹോദരനു കരള്‍ മാറ്റിവയ്ക്കാന്‍ തുക തേടിയിറങ്ങിയതു കൊച്ചി നെട്ടൂര്‍ സെന്റ് മരിയ ഗൊരേത്തി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. കുരുന്നുകളുടെ നന്മയ്‌ക്കൊപ്പം മാതാപിതാക്കളും അധ്യാപകരും ചേര്‍ന്നപ്പോള്‍ മൂന്നു ദിനം കൊണ്ടു സമാഹരിച്ചത് 10.25 ലക്ഷം രൂപ. കൊച്ചി മരട് കൊടവംതുരുത്ത് വീട്ടില്‍ സ്വദേശി സുനിലിന്റെയും ആതിരയുടെയും മകന്‍ അദ്യുതിനുവേണ്ടിയാണു വിദ്യാര്‍ഥികള്‍ തുക സമാഹരിച്ചത്. കരള്‍ ചുരുങ്ങിപ്പോകുന്ന ഗുരുതരമായ രോഗം ബാധിച്ച അദ്യുതിന്റെ കരള്‍ മാറ്റിവയ്ക്കുകയല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
അമ്മ ആതിര സ്വന്തം കരള്‍ പ്രിയമകനു പകുത്തുനല്‍കാന്‍ തയാറായി. എങ്കിലും ശസ്ത്രക്രിയയ്ക്കുള്ള വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ മരപ്പണിക്കാരനായ സുനിലിനു മുമ്പില്‍ വഴികളില്ലായിരുന്നു. പതിനഞ്ചു ലക്ഷത്തോളം രൂപയാണു ശസ്ത്രക്രിയയ്ക്കാവശ്യമുള്ളത്. അദ്യുതിന്റെ സഹോദരി ആര്യനന്ദ സെന്റ് മരിയ ഗൊരേത്തി പ ബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. തങ്ങളുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ നൊമ്പരമകറ്റാനുള്ള വലിയ ഉദ്യമത്തിനു സ്കൂളിലെ ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്‍) നേതൃത്വത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് ആദ്യം രംഗത്തേക്കുവന്നത്. പാഷനിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സന്യാസിനികളുടെ മേല്‍നോട്ടത്തിലുള്ള സ്കൂള്‍ മാനേജ്‌മെന്റുംഅധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒട്ടും വൈകാതെ ഉദ്യമത്തോടു കൈകോര്‍ത്തു.
വിദ്യാര്‍ഥികള്‍ തങ്ങളുടെ വീടുകളില്‍ നിന്നു നല്ലൊരു തുക സമാഹരിച്ചു. സമീപത്തെ സ്ഥാപനങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റ്, ബീച്ച്, ടോള്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ഥികളും അധ്യാപകരും കൈനീട്ടി. എല്ലാവരും തന്നെ സഹായിച്ചു. നന്മയുടെ കൂട്ടുകെട്ടില്‍ കാരുണ്യം വിളയിച്ച കുരുന്നുകള്‍ക്ക് അഭിനന്ദനം നേരാന്‍ ഇന്നലെ വൈകുന്നേരം ഫൈനല്‍ ബെല്ലടിക്കും മുമ്പേ സ്കൂള്‍ മുറ്റത്തു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യമെത്തി. സമാഹരിച്ച തുകയുടെ ചെക്ക് അദ്ദേഹം ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജോണ്‍സി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജാത, ഡിസിഎല്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇനി സ്കൂളും വിദ്യാര്‍ഥികളും പ്രാര്‍ഥനയിലാണ്; 22നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയത്തിലെത്താന്‍