കുഞ്ഞുങ്ങളുടെ കണ്ണില്‍ കാന്‍സര്‍ വര്‍ധിക്കുന്നുവെന്നു പഠനം; കൂടുതലായും കാണപ്പെടുന്നത് അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍; കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ക്ലിനിക് ഉദ്ഘാടനം ഇന്ന്

Eyeതൃശൂര്‍: കണ്ണില്‍ കാന്‍സര്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍വര്‍ധനവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. നവജാത ശിശുക്കളിലും അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലുമാണ് റെറ്റിനോ ബ്ലാസ്റ്റോമ എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണിലെ കാന്‍സര്‍ കൂടുതലായും കാണപ്പെടുന്നത്. നേരത്തെ ഇന്ത്യയില്‍ 20,000 നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് എന്ന തോതിലായിരുന്നു രോഗനിരക്ക്. എന്നാല്‍ പുതിയ കണക്കനുസരിച്ച് പ്രതിവര്‍ഷം ഇന്ത്യയില്‍ 20,000 കുട്ടികള്‍ക്കു കണ്ണില്‍ കാന്‍സര്‍ ഉണ്ടാകുന്നതായാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. കേരളത്തിലും കണ്ണില്‍ കാന്‍സര്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

കണ്ണിലെ കാന്‍സര്‍ ബാധയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗനിര്‍ണയം വൈകുന്നതിനും തുടര്‍ചികിത്സയ്ക്കും കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കണ്ണില്‍ വെള്ളനിറമുള്ള കുത്തുകളോ, പാടുകളോ അല്ലെങ്കില്‍ കൃഷ്ണമണികളില്‍ അസാധാരണമായ എന്തെങ്കിലും തിളക്കമോ ഉണ്ടാകുന്നതാണ് കണ്ണിലെ കാന്‍സര്‍ബാധയുടെ ആദ്യ ലക്ഷണം. എന്നാല്‍, എല്ലാ പാടുകളും കുത്തുകളും കാന്‍സര്‍ ലക്ഷണങ്ങളല്ല. ഒരു ഓക്കുലര്‍ ഓങ്കോളജിസ്റ്റിനു മാത്രമേ ഇതു പരിശോധിച്ച് രോഗനിര്‍ണയം നടത്താന്‍ സാധിക്കൂ. നവജാത ശിശുക്കളിലും മറ്റും കണ്ണുകളില്‍ വെളുത്ത കുത്തുകളോ പാടുകളോ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുന്നതു രോഗബാധ തിരിച്ചറിയാന്‍ സഹായിക്കും. രോഗലക്ഷണം അവഗണിക്കുന്നതു കാന്‍സര്‍ രോഗം മൂര്‍ച്ഛിക്കാനും കാഴ്ചശക്തി നഷ്ടപ്പെടുവാനും ഇടയാക്കും.

കണ്ണിനു ചുറ്റുമുള്ള കോശങ്ങളെയും ഞരമ്പുകളെയുമാണ് കണ്ണിലെ കാന്‍സര്‍ പ്രധാനമായും ബാധിക്കുക.
കരള്‍, ശ്വാസകോശം തുടങ്ങിയ ശരീരഭാഗങ്ങളിലെ കാന്‍സര്‍ കണ്ണിലേക്കു വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. സെക്കന്‍ഡറി ട്യൂമര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണില്‍ കാന്‍സര്‍ ബാധിച്ച ഭാഗത്തെ ട്യൂമര്‍ റെറ്റിനയ്‌ക്കോ ലെന്‍സിനോ ഞരമ്പുകള്‍ക്കോ കേടുപറ്റാത്ത രീതിയില്‍ വളരെ ചെറിയ അളവില്‍ മുറിച്ചെടുത്താണ് ബയോപ്‌സി പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുക. അതിനുശേഷമാണ് ചികിത്സാരീതികള്‍ തീരുമാനിക്കുക. രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറുമാസത്തിനുള്ളില്‍ നാലുമുതല്‍ അഞ്ചുവരെ കീമോ തെറാപ്പി ചെയ്യേണ്ടി വന്നേക്കാം. കണ്ണിലെ കാന്‍സര്‍ ബാധ വര്‍ധിച്ചുവരുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ജനിതകമായ കാരണങ്ങളാലും അല്ലാത്ത കാരണങ്ങളാലും കണ്ണില്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് കണ്ടെത്തലുകള്‍.

കണ്ണിലെ കാന്‍സര്‍ ബാധ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമായി മലബാര്‍ കണ്ണാശുപത്രിയുടെ വിവേകോദയം സ്കൂളിനു സമീപമുള്ള തൃശൂര്‍ കേന്ദ്രത്തില്‍ ഒക്കുലോപ്ലാസ്റ്റി ക്ലിനിക് ഇന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രിന്‍സ് ഈപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു ക്ലിനിക് ഉദ്ഘാടനം ചെയ്യും. കണ്ണില്‍ അര്‍ബുദം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ക്ലിനിക് തുടങ്ങുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.  പത്രസമ്മേളനത്തില്‍ ഡോ. രമ മുകേഷ്, വി.എസ്. റെയ്ഹാന്‍, പ്രവീണ്‍, ടി.പി ഗോപന്‍ എന്നിവരും പങ്കെടുത്തു.

Related posts