വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് കല്ലങ്കാട്ടില്‍ 25 ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍. നാട്ടിലുടനീളം ജലനിധിയുള്‍പ്പടെയുള്ള മറ്റു ശുദ്ധജലവിതരണപദ്ധതികള്‍ പ്രാവര്‍ത്തികമായിട്ടുണ്ടെങ്കിലും കല്ലങ്കാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. മൂന്നുവര്‍ഷംമുമ്പ് രണ്ടുകിലോമീറ്റര്‍ അകലെനിന്നും കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് കണക്്ഷന്‍ നല്‍കിയിരുന്നെങ്കിലും വാലറ്റപ്രദേശമെന്നതിനാല്‍ വെള്ളമെത്താറില്ല. വേനല്‍ ശക്തമായതോടെ സ്വകാര്യവ്യക്തികളുടെ നാമമാത്രമുള്ള കിണറുകളും വറ്റി തുടങ്ങിയിരിക്കുകയാണ്.
ഇപ്പോള്‍ സ്ത്രീകള്‍ ദൂരങ്ങള്‍ കാല്‍നടതാണ്ടിയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ഖാലിദ്, അബൂബക്കര്‍, ദൈവാന, ദൊരൈപാര്‍വതി, മീനാക്ഷി എന്നിവരുള്‍പ്പടെ 25 ഓളം കുടുംബങ്ങളാണ് കല്ലങ്കാട്ടില്‍ താമസക്കാരായുള്ളത്. മുമ്പ് ഗ്രാമസഭകളില്‍ കുടിവെള്ളപദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ അപേക്ഷകളും അവഗണിക്കപ്പെട്ടിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതുവരെ അടിയന്തരമായി ലോറിവെള്ളം എത്തിക്കണമെന്നതാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.