എരുമേലി: ഇത്തവണത്തെ ശബരിമല സീസണിലും എരുമേലിയില്‍ സമഗ്രജലവിതരണ പദ്ധതിയുടെ കുഴലുകളിലൂടെ വെള്ളം ഒഴുകില്ല. 53 കോടി രൂപ മുടക്കി നാലു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത് നിര്‍മാണം ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ വേണ്ടത് രണ്ട് വൈദ്യുതി സബ് സ്‌റ്റേഷനുകള്‍.
ഇവയില്‍ ഒന്ന് 13 വര്‍ഷത്തോളം നിയമക്കുരുക്കില്‍ കുരുങ്ങിയതിനൊടുവില്‍ കഴിഞ്ഞയിടെയാണ് കേസുകള്‍ തീര്‍ന്ന് വീണ്ടും നിര്‍മാണം പുനരാരംഭിച്ചത്. രണ്ടാമത്തെ സബ് സ്‌റ്റേഷനാകട്ടെ കെഎസ്ഇബിയുടെ ഫയലില്‍ കിടക്കുകയാണ്. കനകപ്പലം 110കെവി സബ് സ്‌റ്റേഷനും വെച്ചൂച്ചിറയിലെ നിര്‍ദിഷ്ട സബ് സ്‌റ്റേഷനും പൂര്‍ത്തിയാകാതെ എരുമേലിയിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ഥ്യമാകില്ലെന്ന് ജല അഥോറിറ്റി പറയുന്നു. ഇക്കാരണത്താല്‍ പദ്ധതിയുടെ ജലവിതരണ കുഴലുകളെല്ലാം റോഡരികുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കുടിവെള്ളസ്രോതസായ പമ്പാ നദിയിലെ ഇടത്തിക്കാവില്‍ നിന്നു വെള്ളം ശേഖരിച്ച് പമ്പിംഗ് നടത്തുന്നതിന് വേണ്ടിയാണ് ഒരു സബ് സ്‌റ്റേഷന്‍ വേണ്ടത്. വെള്ളം ശുദ്ധീകരിക്കുന്ന മുക്കൂട്ടുതറ എംഇഎസ് കോളേജിന്റെ സമീപത്ത് നിര്‍മാണം പൂര്‍ത്തിയായ പ്ലാന്റിനാണ് മറ്റൊരു സബ് സ്‌റ്റേഷന്റെ ആവശ്യമുള്ളത്. കനകപ്പലം സബ് സ്‌റ്റേഷന്‍ പൂര്‍ത്തിയായാല്‍ ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ലഭ്യമാകും. വെച്ചൂച്ചിറയില്‍ സബ് സ്‌റ്റേഷന്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാകാതെ ജലവിതരണം ആരംഭിക്കാനുള്ള വൈദ്യുതി ലഭിക്കില്ല. രണ്ടിടത്തും 230 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്.
കഴിഞ്ഞ ശബരിമല സീസണില്‍ എരുമേലി ടൗണില്‍ മാത്രം ഈ പദ്ധതിയില്‍ നിന്ന് ജലം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വൈദ്യുതിയുടെ പ്രശ്‌നം മറച്ചുവച്ചാണ് ജലഅഥോറിറ്റി പ്രഖ്യാപനം നടത്തിയത്. ഇത് വിശ്വസിച്ച് പിസി ജോര്‍ജ് എംഎല്‍എയും കഴിഞ്ഞ സീസണില്‍ വെള്ളമെത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 48 വര്‍ഷമായി മണിമലയാറിലെ കൊരട്ടിയിലുള്ള തടയണയിലെ വെള്ളം കിണറ്റില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ നടത്തിയാണ് പഴക്കമേറിയ പൈപ്പുകളിലൂടെ എരുമേലിയില്‍ ജലവിതരണം നടത്തുന്നത്. ഇത്തവണത്തെ തീര്‍ഥാടനകാലത്തും ഇതേ നിലയില്‍തന്നെ ജലവിതരണം നടത്തേണ്ട സ്ഥിതിയിലാണ്. തീര്‍ഥാടകര്‍ക്കു പോലും ശുദ്ധജലം നല്‍കാനാവാതെയാണ് ഇത്തവണയും ശബരിമല സീസണിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.