ആലപ്പുഴ: പച്ചക്കറി വില റോക്കറ്റുപോലെ കുതിക്കുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. പല പച്ചക്കറി ഇനങ്ങള്‍ക്കും കഴിഞ്ഞ മാസത്തെക്കാള്‍ ഒന്നര മുതല്‍ മൂന്നിരട്ടിവരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് പച്ചക്കറി വിപണിയില്‍ വില വര്‍ധനവ് ആരംഭിച്ചത്. പിന്നീട് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷവും വിലവര്‍ധനവ് തുടരുകയായിരുന്നു. അടുക്കളയില്‍ സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വില ഗണ്യമായി ഉയര്‍ന്നത് കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് 20 രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില ഒന്നരയിരട്ടിയോളമാണ് വര്‍ധിച്ചത്. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചക്കക്കുരു തുടങ്ങിയവയ്ക്കാണ് വന്‍ വിലവര്‍ധനവ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലുണ്ടായത്. കാന്താരിയുടെ വില കഴിഞ്ഞദിവസങ്ങളില്‍ കിലോയ്ക്ക് 1200 ആയിരുന്നു. നിലവില്‍ 800 ആയി കുറഞ്ഞിട്ടുണ്ട്. പടവളവും പയറും വെണ്ടയുമൊക്കെ 50 തിനോടടുത്താണ് വിപണിയില്‍ വില്‍പ്പന നടത്തുന്നത്. വഴുതനയ്ക്ക് 80 രുപയാണ് വില. കൂര്‍ക്കയ്ക്കും ഇതു തന്നെയാണ് വില നിരവാരം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവു കുറഞ്ഞതും വേനല്‍ മഴ കനത്തതോടെ ആഭ്യന്തര പച്ചക്കറി ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടായതുമാണ് അപ്രതീക്ഷിത വില വര്‍ധനവില്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഉത്പാദന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ക്ക് ഇത്രയും വില ഇല്ലെങ്കിലും ഇടനിലക്കാരിലൂടെ കടന്ന് വിപണിയിലെത്തുമ്പോഴാണ് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാകുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥാപനങ്ങള്‍ വഴി നിശ്ചിത ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ നല്‍കുന്നതിനുള്ള ശ്രമം നടത്തുന്നുണെ്ടങ്കിലും ഇത് വിലവര്‍ധനവ് തടയാന്‍ പര്യാപത്മല്ല. പഴം, പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില വര്‍ധനവ് സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കു കഴിഞ്ഞദിവസം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് നിര്‍ദേശം നല്‍കിയിരുന്നു.
കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. പരിശോധനകളുടെ അടിസ്ഥാനത്തില്‍ അമിത വില ഈടാക്കുകയും വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ പലയിടങ്ങളിലും സ്വീകരിക്കുകയും ചെയ്തു്. കഴിഞ്ഞദിവസമുണ്ടായ ഇന്ധനവില വര്‍ധനവും പച്ചക്കറി വിപണിയില്‍ പ്രതിഫലിച്ചിട്ടുണെ്ടന്നാണ് വ്യാപാപരികള് പറയുന്നത്. പരിശോധനകള്‍ സജീവമാണെങ്കിലും പച്ചക്കറി വിലയില്‍ കാര്യമായ മാറ്റം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.