എടത്വ: നാലുമാസത്തെ കര്‍ഷകരുടെ കാത്തിരിപ്പിനൊടുവില്‍ കുട്ടനാട്ടിലെ പുഞ്ചക്കൊയ്ത്ത് അവസാന ഘട്ടത്തില്‍. നീലംപേരൂര്‍ പഞ്ചായത്തിലെ ഈരുകേരി പാടശേഖരത്തെ 40 ഏക്കര്‍ പുഞ്ചനിലം കൊയ്‌തെടുത്താണു കുട്ടനാട്ടില്‍ പുഞ്ചകൊയ്ത്തിനു തുടക്കമിട്ടത്. തകഴി കൃഷിഭവനില്‍പ്പെട്ട ചെക്കിടിക്കാട് തൊള്ളായിരം, കേളമംഗലം എഴുപതില്‍, ചെറിയതുണ്ടം, കോണാട്ടുകരി, കുന്നുമ്മയിലെ കരിയാര്‍ മുടിക്കരി, വീയപുരം കൃഷി ഭവനിലെ സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രം, കരിച്ചാല്‍ പോട്ട കളക്കാട്, ഇലവന്താനം പള്ളിവാതുക്കല്‍ എന്നീ പാടങ്ങളാണു കൊയ്യാനുള്ളത്.
തകഴിയിലെ ചെറിയ തുണ്ടം, കോനാട്ടുകരി പാടത്തെ വിളവെടുപ്പിന് ഇനി ഒരുമാസത്തോളം കാത്തിരിക്കേണ്ടി വരും. കൊയ്യാനുള്ള ഈ പാടത്ത് മുഞ്ഞശല്യം രൂക്ഷമായതു കാരണം കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. കുട്ടനാട്ടില്‍ ഇത്തവണ 27000 ഹെക്ടറിലാണു കൃഷിയിറക്കിയത്. കഴിഞ്ഞ സീസണില്‍ 350 കൊയ്ത്തുയന്ത്രം ഇറക്കിയെങ്കില്‍ ഇത്തവണ ഇരട്ടി യന്ത്രം ഇറക്കിയതാണു പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൊയ്യാന്‍ സാധിച്ചത്. മണിക്കൂറിനു 1700 മുതല്‍ 1900 രൂപവരെ വാടക സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടങ്കിലും അതിലും താഴെയാണു സ്വകാര്യ യന്ത്ര ഉടമകള്‍ കൊയ്ത്തുയന്ത്രം ഇറക്കിയത്.
സ്വകാര്യ യന്ത്രം സുലഭമായി എത്തിയതോടെ പാടശേഖര സമതി ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഈ സീസണില്‍ എടത്വ കൃഷിഭവനിലെ രണ്ടു പാടശേഖരങ്ങളില്‍ 1250 രൂപ വാടക നിശ്ചയിച്ച് യന്ത്രം ഇറക്കിയിരുന്നു. കഴിഞ്ഞ സീസണേക്കാള്‍ ഇത്തവണ കൂലിത്തര്‍ക്കവും വിരളമായിരുന്നു. തെരഞ്ഞെടുപ്പ് എത്തിയതുകാരണം കൂലിത്തര്‍ക്കം നിലനിന്ന പാടങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് തര്‍ക്കം നീക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ തൊഴില്‍ത്തര്‍ക്കം കാരണം തകഴി, എടത്വ കൃഷിഭവനിലെ നാലോളം പാടശേഖരത്താണു കൊയ്‌തെടുത്ത നെല്ല് ആഴ്ചകളോളം മഴനനഞ്ഞ് കിടന്നത്.