കുട്ടാവില്‍ മദ്യപാനികളുടെ ശല്യം: പൊറുതിമുട്ടി നാട്ടുകാര്‍

KTM-MADHYAMശ്രീകണ്ഠപുരം: കുട്ടാവില്‍ മദ്യപരുടെ ശല്യംകാരണം നാട്ടുകാര്‍ പൊറുതിമുട്ടുന്നു. രാപ്പകല്‍ഭേദമില്ലാതെ മദ്യപസംഘം ഇവിടെ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.  കുട്ടാവ് ജംഗ്ഷനിലെ ഗ്രൗണ്ട് കേന്ദ്രീകരിച്ച് സംഘടിക്കുന്ന കുടിയന്മാരെകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.വ്യാജമദ്യമുള്‍പ്പെടെ കൊണ്ടുവന്ന് വിതരണം നടത്തുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഒട്ടേറെ ആളുകള്‍ രാത്രിസമയത്ത് മദ്യപിക്കുന്നതിനായി ഇവിടെ എത്തുന്നുണ്ടെന്ന് പറയുന്നു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മദ്യംവിതരണം നടത്തുന്നതിനാല്‍ വീട്ടമ്മമാര്‍ പ്രതിഷേധവുമായ രംഗത്തെത്തിയിരുന്നെങ്കിലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. മൈതാനിയില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിടുന്നത് കാരണം ഇവിടെ കളിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മദ്യപിക്കാന്‍ എത്തുന്നവരുടെ ബഹളം കാരണം സമീപത്തെ വീടുകളിലെ താമസക്കാര്‍ പൊറുതിമുട്ടിയിരിക്കയാണ്.

പുറമെനിന്നെത്തുന്ന സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടക്കുന്നതിനാല്‍ രാത്രി വീടുകളില്‍പോലും കഴിയാത്ത പറ്റാത്ത അവസ്ഥയിലാണ് വീട്ടുകാര്‍. സ്ഥിരമായി ഇവിടെ നിര്‍ത്തിയിടുന്ന കാറിലും ബൈക്കിലുമായി മദ്യക്കടത്ത് നടത്തുകയാണെങ്കിലും പ്രദേശത്തുകാര്‍ അക്രമം ഭയന്ന് പരാതി നല്‍കാതിരിക്കുന്നതും പോലീസ് ഈ ഭാഗത്ത് രാത്രി പട്രോളിംഗ് നടത്താത്തതും മദ്യപസംഘത്തിന് പ്രോത്സാഹനമാകുന്നതായി ആക്ഷേപമുണ്ട്.

Related posts