കുതിരാനില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു’; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

TCR-KSRTCതൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാനില്‍ കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നു രാവലെ എട്ടുമണിയോടെയായിരുന്നു അപകടം.

കുതിരാന്‍ അയ്യപ്പക്ഷേത്രത്തിനും ഇരുമ്പുപാലത്തിനുമിടയിലാണ് അപകടം നടന്നത്. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരത്തിന്റെ വലിയ കൊമ്പാണ് ഒടിഞ്ഞുവീണത്. ചിറ്റൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെയും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറിയുടേയും മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ലോറിക്ക് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. പീച്ചി എസ്‌ഐ ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കുതിരാന്‍ മേഖലയില്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഇത്തരം മരങ്ങളും മരക്കൊമ്പുകളും നിരവധിയാണ്. വനംവകുപ്പാണ് ഇവ മുറിച്ചു നീക്കേണ്ടത്. ഇക്കാര്യം വനംവകുപ്പധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി പീച്ചി എസ്‌ഐ പറഞ്ഞു. ഒമ്പതരയോടെ ഇതുവഴി ഗതാഗതം പുന:സ്ഥാപിക്കാനായി.

Related posts