സ്വന്തം ലേഖകന്‍
എരുമേലി: ഹെലികോപ്റ്ററും കാറുമൊക്കെ സ്വന്തമാക്കണമെന്നു ചെറുപ്രായത്തില്‍ കൂട്ടുകാരൊക്കെ പറയുമ്പോള്‍ എരുമേലി സ്വദേശി അനിലിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കുതിരയെ വാങ്ങണം.. സിനിമയിലും ചിത്രങ്ങളിലുമൊക്കെ കുതിരയെ കാണുമ്പോള്‍ അനിലിന്റെ കണ്ണുകള്‍ തിളങ്ങും, മനസിളകും…
പക്ഷേ, അത്ര എളുപ്പത്തിലൊന്നും കുതിരയെ വാങ്ങാനാവില്ലെന്നു പിന്നെ മനസിലായി. എങ്കിലും മോഹം കൈവിട്ടില്ല. കല്യാണം കഴിഞ്ഞു കുടുംബവുമായി കഴിയുമ്പോഴും പഴയ സ്വപ്നം ഉപേക്ഷിച്ചില്ല. അങ്ങനെ ഒന്നല്ല മൂന്നു കുതിരകളെ എരുമേലി വേലംപറമ്പില്‍ അനില്‍ സ്വന്തമാക്കി. അഴകേറിയ മൂന്നു പെണ്‍കുതിരകള്‍. സന്തോഷം അതല്ല, ആ പെണ്‍കുതിരകളിലൊന്ന് ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നു. അതും പെണ്‍കുഞ്ഞു തന്നെ.
കൗതുകം കുതിരക്കമ്പത്തിലെ ലേഡീസ് ഒണ്‍ലിയില്‍ മാത്രമല്ല കുതിരകളുടെ പേരുകളിലുമുണ്ട്. വാങ്ങിയ മൂന്ന് കുതിരകള്‍ക്കു കസ്തൂരി, കനക, കാഞ്ചന എന്നിങ്ങനെ ‘ക’യില്‍ തുടങ്ങുന്ന പേരുകളാണിട്ടത്.എന്നാല്‍, 20 ദിവസം മുമ്പ് കനക പ്രസവിച്ചു കുഞ്ഞുണ്ടായപ്പോള്‍ പേരിലെ കൗതുകം തുടരാന്‍ അനിലിന്റെ മക്കളായ ശ്രീലക്ഷ്മിയും വിഷ്ണുപ്രിയയും സമ്മതിച്ചില്ല. അവര്‍ റാണി എന്ന പേരു നല്‍കി.
റാണിയാണ് ഇപ്പോള്‍ ഈ ലേഡീസ് ഒണ്‍ലി കുതിരാലയത്തിലെ താരം. ഈ ലേഡീസ് ഒണ്‍ലിക്ക് ഒരുപക്ഷേ ഉടന്‍ മാറ്റം വന്നേക്കാം. കാഞ്ചന ഗര്‍ഭിണിയാണ്. പ്രസവമടുത്ത് ഇപ്പോള്‍ ശുശ്രൂഷയില്‍ കഴിയുന്നു.കാഞ്ചനയ്ക്കും പെണ്‍കുഞ്ഞുണ്ടാകണമേയെന്നാണ് അനിലിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. അതിനൊരു കാരണമുണ്ട്. ആണ്‍കുതിരയെ വളര്‍ത്തി മെരുക്കിയെടുത്തു പരിപാലിക്കുന്നതു ചെലവേറുന്നതും പ്രയാസകരവുമാണെന്ന് അനില്‍ പറയുന്നു.
നാലു വര്‍ഷം മുമ്പാണ് ആദ്യ കുതിരയായ കസ്തൂരിയെ കോയമ്പത്തൂരില്‍നിന്നു വാങ്ങിയത്. പരിപാലിക്കാന്‍ പൊന്നയ്യ എന്ന തമിഴ്‌നാട്ടുകാരനെയും കൊണ്ടുവന്നു. എന്നാല്‍, കസ്തൂരി എപ്പോഴും വിഷാദത്തിലും അനുസരണക്കേടിലുമായിരുന്നു. കൂട്ടില്ലാത്തതാണു കാരണമെന്നു പൊന്നയ്യ പറഞ്ഞപ്പോള്‍ പിന്നെ മടിച്ചില്ല. കോയമ്പത്തൂരില്‍നിന്നു തന്നെ കനകയെയും കാഞ്ചനയെയും വാങ്ങി.
ശബരിമല സീസണുകളില്‍ സ്റ്റുഡിയോ നടത്തുന്നതിന്റെ വരുമാനമുള്ള അനിലിനു മൂന്ന് കുതിരകളായപ്പോള്‍ വളര്‍ത്തല്‍ പ്രയാസകരമായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. സിനിമകളുടെ ഷൂട്ടിംഗിനും വിവാഹ ചടങ്ങുകള്‍ക്കും രാഷ്ട്രീയ റാലികള്‍ക്കും ഉത്സവ പരിപാടികള്‍ക്കുമൊക്കെയായി കസ്തൂരി – കാഞ്ചന – കനകമാര്‍ക്കു തിരക്കോടു തിരക്ക്, ഭേദപ്പെട്ട വരുമാനവുമുണ്ട്. കാഞ്ചനയുടെ പ്രസവത്തിനായി കാത്തിരിക്കുകയാണ് അനിലും കുടുംബവും, അതും പെണ്‍കുതിരയാകണേയെന്ന പ്രാര്‍ഥനയുമായി.