കോട്ടയം: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വിലക്കയറ്റ സാധ്യത. ശബരിമല മണ്ഡലകാലം മുതല് വില കയറുമെന്നും ജനുവരി വരെ വില ഉയര്ന്നുനില്ക്കുമെന്നുമാണ് സൂചന. കേരളത്തില് മികച്ച വിപണി ലഭിച്ചതോടെ തമിഴ്നാട്ടിലും നാളികേരത്തിന്റെ വില കയറി.
കര്ണാടക, ഗോവ സംസ്ഥാനങ്ങളില് തേങ്ങ മൂല്യവര്ധിതമാക്കി മറ്റിടങ്ങളില് വിറ്റഴിക്കുന്നു. ലക്ഷദ്വീപ് തേങ്ങ വന്കിട എണ്ണമില്ലുകള് നേരിട്ട് വാങ്ങി സംസ്കരിക്കുന്നതിനാല് മാര്ക്കറ്റില് വില്പനയ്ക്ക് എത്തുന്നില്ല. സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില് ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്.
കരിക്കിന് ഡിമാന്ഡ് കൂടിയതും തേങ്ങാപ്പാല്, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാന് കാരണമായി. നിലവില് 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില.പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയില് വില 40 രൂപ മുതല് 45 രൂപ വരെയാണ്. ശബരിമല സീസണില് നെയ്ത്തേങ്ങയ്ക്ക് ഡിമാന്ഡ് വര്ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്നാട്ടില് നിന്നെത്തിച്ച വ്യാപാരികള് സ്റ്റോക്ക് ചെയ്യുകയാണ്. കൂടാതെ മണ്ഡലകാലത്ത് വെളിച്ചെണ്ണയ്ക്കും വില്പന വര്ധിക്കും.
ഓണത്തിന് 80 രൂപയിലേക്ക് ഉയര്ന്ന നാളികേര വില സര്ക്കാര് ഇടപെടലിലെനെത്തുടര്ന്ന് 70 രൂപയിലേക്ക് താഴ്ന്നു. സപ്ലൈകോ മുഖേന ഔട്ട്ലെറ്റുകളില് 319 രൂപയ്ക്ക് വെളിച്ചെണ്ണ എത്തിച്ചതോടെയാണ് ഓണത്തിന് പൊതുവിപണിയില് വെളിച്ചെണ്ണ വില കുറയെങ്കിലും താഴ്ന്നത്.
പൊള്ളാച്ചി, നാഗര്കോവില്, കന്യാകുമാരി, തേനി എന്നിവിടങ്ങളില്നിന്നാണ് ജില്ലയിലെ മാര്ക്കറ്റുകളില് പ്രധാനമായും തേങ്ങ എത്തുന്നത്. തൂക്കം കൂടുതലാണെങ്കിലും തമിഴ്നാട് തേങ്ങയ്ക്ക് കാമ്പും രുചിയും കുറവാണ്. വേഗം കേടാകുമെന്നതിനാല് കൂടുതല് വാങ്ങി സ്റ്റോക്ക് ചെയ്യാനാകില്ലെന്ന് വ്യാപാരികള് പറയുന്നു.
നാളികേരത്തിനൊപ്പം വെളിച്ചെണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നത് സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റുകളുടെ താളം തെറ്റിച്ചു. ജില്ലയില് ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്നത് വൈക്കം, തലയാഴം, കുമരകം, വെച്ചൂര് തുടങ്ങിയ മേഖലകളിലാണ്. തെങ്ങിനും തേങ്ങായ്ക്കും കേടു കൂടി വരുന്ന സാഹചര്യത്തില് ഇവിടയും ഉത്പാദനം കുറയുന്നു.

