ഇരിട്ടി: ഇരിട്ടി കുന്നോത്തെ റബര്‍ത്തോട്ടത്തിലെ പുകപ്പുരയില്‍ നിന്നും കണ്ടെത്തിയത് അത്യുഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍. ഇന്നു രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് ഡിസ്‌പോസല്‍ സ്ക്വാഡാണ് ബോംബുകള്‍ പൊട്ടിച്ചു നിര്‍വീര്യമാക്കിയത്. ഏഴു ബോംബുകളും അത്യഗ്രസ്‌ഫോടനത്തോടയാണ് പൊട്ടിയത്. സ്‌ഫോടനശേഷി ബോംബ് സ്ക്വാഡിലെ പോലീസിനെ പോലും ഞെട്ടിച്ചു.
ഇന്നലെ കുന്നോത്ത് കേളന്‍ പീടികയില്‍ മലപ്പൊട്ടിലെ മണ്‍റോഡില്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റബര്‍ത്തോട്ടത്തിലെ പുകപ്പുരയില്‍ നിന്നാണ് ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരം പിടികൂടിയത്. ഏഴ് സ്റ്റീല്‍ ബോംബുകള്‍, നാലു വടിവാള്‍, രണ്ട് മഴു, രണ്ട് കത്തി എന്നിവയാണ് പിടികൂടിയത്. ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ സ്റ്റീല്‍ ബോംബുകള്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ചകിരിക്കുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. വടിവാളുകളും കത്തികളും മഴുവും പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് അവയ്ക്കു മുകളില്‍ കടലാസ് ചുറ്റി ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ മേഖലയില്‍ ആയുധങ്ങള്‍ക്കു വേണ്ടിയുള്ള പരിശോധന ശക്തമാക്കും.
കഴിഞ്ഞ മൂന്നു മാസത്തോളമായി റബര്‍ തോട്ടത്തില്‍ ഉടമയോ തൊഴിലാളികളോ എത്താറില്ല. ഇന്നലെ പുതിയ തൊഴിലാളികള്‍ തോട്ടത്തിലെത്തി പുകപ്പുര വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരം കണ്ടെത്തിയത്. അതിസൂക്ഷ്മമായി പൊതിഞ്ഞു വച്ച നിലയിലുള്ള സാധനങ്ങള്‍ ബോംബുംകളും ആയുധങ്ങളുമാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അസ്വാഭാവികമായി ചില സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ളവയാണെന്നു വ്യക്തമായത്. റബര്‍തോട്ടത്തില്‍ ആരും വരാത്ത സാഹചര്യത്തില്‍ അക്രമികള്‍ പുകപ്പുരയില്‍ ഒളിപ്പിച്ചു സൂക്ഷിച്ചതാകാം ഇവയെന്നാണ് പോലീസിന്റെ നിഗമനം. വടിവാളുകള്‍ക്കു രണ്ടടിയിലേറെ നീളം വരും.