പന്തളം: ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്ന കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണ പദ്ധതി തടസങ്ങള്‍ നീക്കി പ്രാവര്‍ത്തികമായി തുടങ്ങിയപ്പോള്‍, പദ്ധതിക്ക് വിലങ്ങുതടിയായി നില്ക്കുന്ന കെഎസ്ഇബിയെ കുടുക്കാന്‍ ജില്ലാ കളക്ടര്‍ വീണ്ടും ഇടപെടുന്നു. പാലത്തിന്റെ വടക്ക് കരയിലുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നത് മാത്രമാണ് നിലവില്‍ പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അടിയന്തിരമായി ഇത് മാറ്റാനാണ് കളക്ടര്‍ ഇടപെടുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. പാലം പൊളിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതോടെ ട്രാന്‍സ്ഫോര്‍മര്‍ ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലുമാണ്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറുമാണ് കെഎസ്ഇബിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും നേരത്തെയുള്ള ധാരണ പ്രകാരം അടിയന്തിരമായി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റാനുള്ള ജോലികള്‍ ഉടന്‍ തന്നെ കെഎസ്ഇബി തുടങ്ങുമെന്നാണ് അറിയുന്നത്. ഏതായാലും ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ട്രാന്‍സ്ഫോര്‍മര്‍ മാറ്റാനായി ആദ്യഘട്ട ചര്‍ച്ചയില്‍ ഒമ്പത് ലക്ഷത്തോളം രൂപയാണ് വൈദ്യുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോള്‍ രണ്ട് പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാല്‍ നാല് പോസ്റ്റുകള്‍ വേണമെന്നതും ഉള്‍പ്പടെ ചെലവേറുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമമായ തുക നേരത്തെ ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തില്‍ തന്നെ പാലം നിര്‍മാണ പദ്ധതിക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചതോടെ ജില്ലാ കളക്ടര്‍ ഇടപെട്ടിരുന്നു. എസ്റ്റിമേറ്റ് തുക രണ്ടര ലക്ഷമായി കുറച്ച് ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍, പാലം നിര്‍മാണത്തിനായി മണ്ണെടുപ്പ് കഴിഞ്ഞതോടെ ട്രാന്‍സ്ഫോര്‍മര്‍ അപകടാവസ്ഥയിലായിട്ടും കെഎസ്ഇബി നടപടികള്‍ തുടങ്ങാതെ വന്നതോടെയാണ് വീണ്ടും ജില്ലാ കളക്ടര്‍ ഇടപെടുന്നത്.