കോട്ടയം: വീട്ടിലെ കുളിമുറിയില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ എക്സൈസ് അന്വേഷിക്കുന്ന കോട്ടയം സംക്രാന്തി തേവര്ക്കാലായില് അമലി (കണ്ണന്-20) ബൈക്ക് മോഷണ കേസിലെ പ്രതികളുടെ അടുത്ത കൂട്ടാളിയെന്ന് പോലീസ്. യുവാവിനെതിരെ എക്സൈസിലും ഗാന്ധിനഗര്‍ പോലീസിലും കഞ്ചാവ്, പിടിച്ചുപറി ഉള്‍പ്പെടെ മൂന്നോളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
സുഹൃത്ത് വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണന്റെ വീട്ടില്‍ എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് സംഘം എത്തുന്ന വിവരം അറിഞ്ഞ് കണ്ണന് സ്ഥലംവിട്ടിരുന്നു. കുളിമുറിയില്‍ വളര്‍ത്തിയ നിലയില്‍ നാലു മൂട് കഞ്ചാവ് ചെടിയും കിടപ്പുമുറിയില്‍ നിന്ന് ഉണങ്ങിയ കഞ്ചാവും എക്സൈസ് കണ്ടെത്തി. ഏറെ നേരം എക്സൈസ് സംഘം വീട്ടില്‍ കാത്തിരുന്നെങ്കിലും കണ്ണന് എത്തിയില്ല. വീട് എക്സൈസ് നിരീക്ഷണത്തിലാണ്.
പ്രത്യേക ജോലിയൊന്നുമില്ലാത്ത കണ്ണന് രാത്രികാലങ്ങളില്‍ ധാരാളം സുഹൃത്തുകളുമായി വീട്ടില്‍ വരാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംശയം തോന്നി പോലീസില്‍ പരാതി പറയാറുണ്ടെങ്കിലും പിറ്റേദിവസമാണ് പോലീസ് എത്താറുള്ളത്. വന്നാല്‍ തന്നെ വീട്ടില്‍ പരിശോധന നടത്താനോ കണ്ണനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാകില്ലെന്നും അയല്‍വാസികള്‍ ആരോപിച്ചു. സംക്രാന്തിയിലെ പ്രധാന കഞ്ചാവ് ഏജന്റിന്റെ അടുത്തു കൂട്ടാളിയാണ് കണ്ണന്. ഇയാള്‍ക്ക് പോലീസിലുള്ള സ്വാധീനമാണ് കണ്ണനെ ചോദ്യം ചെയ്യാന്‍പോലും കൂട്ടാക്കാത്തതെന്നും അയല്‍വാസികള്‍ പറയുന്നു.
അച്ഛന് മരിച്ചുപോയ കണ്ണന്റെ അമ്മയും സഹോദരനും വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവാവ് അമ്മയും സഹോദരനും അയച്ചുകൊടുക്കുന്ന പണം മയക്കുമരുന്നു ഉപയോഗത്തിനും മറ്റും ഉപയോഗിക്കുകയാണെന്നാണ് എക്സൈസ് പറയുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വാമിനാഥന്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്്ടര്‍ ആര്.വി. തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്, ആരോമല്‍ മോഹന്‍, മണിക്കുട്ടന്‍പിള്ള, ജോജോ, സി.ജി. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.