മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന അതിര്‍ത്തികളില്‍ പോലീസ് വിരിച്ച വലയില്‍ കുടങ്ങുന്നതേറെയും കുഴല്‍പ്പണ ഇടപാടു രംഗത്തെ വന്‍സംഘങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലായി ആറു കോടിയിലേറെ രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. പോലീസിന്റെ സാധാരണ പരിശോധനയില്‍ കുഴല്‍പ്പണ വിതരണക്കാരായ കരിയര്‍മാരാണ് കുടുങ്ങാറുള്ളതെങ്കില് പ്രത്യേക പരിശോധനയിലൂടെ കുടങ്ങുന്നത് മൊത്തവിതരണക്കാരാണ്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുടങ്ങിയതേറെയും.
ഒരാഴ്ച മുമ്പ് പെരിന്തല്മണ്ണക്കടുത്തു തൂതയില്‍ ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടിയതിനു പിന്നാലെയാണ് ചൊവ്വാഴ്ച നിലമ്പൂരിനടുത്ത വഴിക്കടവില്‍ വച്ച് രണ്ടരക്കോടി പിടിച്ചെടുത്തത്. കാര്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കണ്ണംപള്ളിയാലില്‍ മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളക്കുണ്ടില്‍ അല്‍ത്തിഫ് (31) എന്നിവരാണ് പിടിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച പോലീസിന്റെ അതിര്‍ത്തി പരിശോധന സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലേക്ക് കുഴല്‍പ്പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനാണ് അനധികൃത പണം എത്തുന്നതെന്നാണ് കരുതുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിലേക്ക് തെരഞ്ഞെടുപ്പുകാലത്ത് പണമെത്താറുണ്ട്. തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന പണത്തിന് തെരഞ്ഞെടുപ്പു കമ്മീഷന് പരിധി നിശ്ചയിച്ചതിനാല്‍ കണക്കില്‍പെടാത്ത പണമാണ് ഏറെയും ഉപയോഗിക്കുന്നത്. ബംഗളുരൂവില്‍ നിന്നാണ് കേരളത്തിലേക്ക് കുഴല്പ്പണമെത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സേലം വഴിയും മൈസൂര്‍ ഗുണ്ടല്‍പേട്ട വഴിയും പണം അതിര്‍ത്തി കടത്തുന്നു. ഇതിനായി പ്രത്യേകം രൂപ കല്‍പ്പന ചെയ്ത കാറുകളാണ് ഉപയോഗിക്കുന്നത്. സീറ്റിനടിയിലും ഡിക്കിക്കുള്ളിലും പ്രത്യേക അറകളുണ്ടാക്കിയാണ് പണം കടത്തുന്നത്. പിടിയിലാകുന്ന സംഘങ്ങള്‍ പണത്തിന് രേഖകളുണ്ടാക്കി കോടതിയില്‍ ഹാജരാക്കുന്നതോടെ അറസ്റ്റിലായവരെ ജാമ്യത്തില്‍ വിടാറുണ്ട്. എന്നാല്‍ കുഴല്‍പ്പണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസിന് കഴിയാറില്ല.
രണ്ടോ അതില്‍കൂടുതലോ സംസ്്ഥാനങ്ങളില്‍ കണ്ണികളുള്ള സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ യോജിച്ചുള്ള അന്വേഷണം പലപ്പോഴും നടക്കാറില്ല. അതേസമയം ഇലക്ഷന് തീരുന്നതുവരെ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.