കൂത്തമ്പാക്കം ലെവല്‍ക്രോസില്‍ ഗേറ്റ് വീണതു പരിഭ്രാന്തി പരത്തി

PKD-GATEകൊല്ലങ്കോട്: കൂത്തമ്പാക്കം ലെവല്‍ക്രോസില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഗേറ്റ് വീണതു പരിഭ്രാന്തി പരത്തി. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടു കാറുകളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11.05ന് പൊള്ളാച്ചിയില്‍നിന്നും പാലക്കാട്ടേയ്ക്ക് അമൃത എക്‌സ്പ്രസ് ട്രെയിന്‍ കടന്നശേഷം ഗേറ്റ് തുറന്നപ്പോഴായിരുന്നു അപകടം. വടക്കുഭാഗത്തുനിന്നും രണ്ടുകാറുകള്‍ ട്രാക്കില്‍ കയറുകയും ഒന്ന് തെക്കുഭാഗത്തെ ഗേറ്റ് കടന്നു സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗേറ്റ് വീണത്.

ഗേറ്റ് വീഴുന്നതു ശ്രദ്ധിച്ച പിറകിലെ കാര്‍ഡ്രൈവര്‍ പെട്ടെന്ന് കാര്‍ നിര്‍ത്തുകയായിരുന്നു. രണ്ടു ഗേറ്റിനുമിടയില്‍ ട്രാക്കില്‍ കാര്‍ അകപ്പെട്ടത് പരിഭ്രാന്തി പരത്തി. പത്തുമിനിറ്റോളം കാര്‍ പാളത്തില്‍ കിടന്നു.ഗേറ്റ് വീണ സംഭവമറിഞ്ഞ് പരിസരത്തെ യുവാക്കള്‍ ഓടിയെത്തി സാഹസികമായി ആദ്യം തെക്കുഭാഗത്തെ ഗേറ്റ് തുറന്ന് ട്രാക്കിലുണ്ടായിരുന്ന കാര്‍ റോഡിലെത്തിച്ചു. പിന്നീട വടക്കുഭാഗത്തെ ഗേറ്റും ഉയര്‍ത്തി ഇരുവശത്തുമുണ്ടായിരുന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ഗേറ്റ് തകരാറിലായ വിവരം അറിഞ്ഞ് റെയില്‍വേ ജീവനക്കാരെത്തി ഗേറ്റ് ശരിപ്പെടുത്തി. എര്‍ത്ത് കേബിള്‍ തകരാറിലായതാണ് ഗേറ്റ് വീഴാനിടയായതെന്ന് ജീവനക്കാര്‍ അറിയിച്ചു.

Related posts