കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറുടെ സഹായിയെ വെട്ടി; യുവാവിന്റെ കൈയ്ക്ക് ഗുരുതര പരുക്ക്

bLOODതൊടുപുഴ: കൂലി തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറുടെ സഹായിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും കേസെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും ഓട്ടം പോയ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായി തൊടുപുഴ കീരികോട്  ആദംപള്ളിതൊട്ടിയില്‍ റംസലി(24)ന്റെ  കൈക്കാണ് വെട്ടേറ്റത്. കൈയ്യില്‍ 24 സ്റ്റിച്ച് ഇടേണ്ടി വന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി  ഒന്നരയോടെ കോതമംഗലം കുത്തുകുഴിയിലാണ് സംഭവം.

പരിക്കേറ്റ റംസല്‍ പറയുന്നതിങ്ങനെ: തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക് കഴിഞ്ഞ ദിവസം രാത്രി 12നാണ് യാത്രക്കാരന്‍ ഓട്ടം വിളിച്ചത്. സാബു എന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. തൊടുപുഴയില്‍ നിന്നും ഓട്ടം വിളിച്ച യാത്രക്കാരനെ മുവാറ്റുപുഴയില്‍ കൊണ്ടുപോയി വിട്ടിരുന്നു. ഇതിനു ശേഷം തൊടുപുഴക്ക് മടങ്ങാന്‍ ശ്രമിക്കവേ മുവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു  നിന്നും ഒരു ബൈക്ക് യാത്രക്കാരന്‍ വാഹനത്തിനടുത്തെത്തി മൂന്നു പേരെ കോതമംഗലത്ത് കൊണ്ടുപോയി വിടണമെന്ന് ആവശ്യപ്പെട്ടു. മൂന്നു യാത്രക്കാരെയുമായി കോതമംഗലത്തിനു പോകുന്നതിനിടെ ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ഇറങ്ങി. ഇയ്യാള്‍ 500 രൂപ ഓട്ടോറിക്ഷ ഡ്രൈവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു. ഓട്ടക്കൂലി കിഴിച്ചുള്ള ബാക്കി തുക കോതമംഗലത്ത് ഇറങ്ങുന്നയാളിന്റെ പക്കല്‍ കൊടുക്കണമെന്നും ഇയാള്‍ ഡ്രൈവറോട് പറഞ്ഞു.

കോതംമംഗലം പോലീസ് സ്‌റ്റേഷനു സമീപമുള്ള കോളനിയിലാണ് രണ്ടാമത്തെ യാത്രക്കാരനെ ഇറക്കിയത്. മൂന്നാമത്തെയാള്‍ കോതമംഗലം കനാല്‍ റോഡിലാണ് ഇറങ്ങിയത്. 500 രൂപയില്‍ ഓട്ട കൂലിയായ 400 രൂപായെടുത്ത ശേഷം ഡ്രൈവര്‍ സാബു 100 രൂപ തിരികെ നല്‍കി. 400 രൂപയാണ് ഓട്ടോക്കൂലി 21 കിലോമീറ്റര്‍ ഓട്ടോറിക്ഷയോടിയെന്നും ഡ്രൈവര്‍ സാബു പറഞ്ഞു. എന്നാല്‍ മൂന്നാമതിറങ്ങിയയാള്‍ മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലം വരെ വരുന്നതിനു 300 രൂപ മാത്രമെയുള്ളൂവെന്നും പറഞ്ഞ് തര്‍ക്കിച്ചു.

200 രൂപാ തരണമെന്നാവശ്യപ്പെട്ടുകൊണ്ട്്  ഡ്രൈവറുടെ അടുത്തിരുന്ന റംസലിന്റെ കോളറില്‍ ഇയാള്‍ പിടിച്ചു. കൈവിടുവിക്കാന്‍ റംസല്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ കൈയ്യിലിരുന്ന പ്ലാസ്റ്റിക് കൂടില്‍ നിന്നും വടിവാള്‍ ഉപയോഗിച്ച് റംസലിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് തടയുന്നതിനിടെയാണ് റസലിന്റെ കൈക്ക് പരിക്കേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ റംസല്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൊടുപുഴ പോലീസ് കോതമംഗലം പോലീസിന് ഇന്റിമേഷന്‍ കൊടുത്തെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

Related posts