ചേര്ത്തല: ചേര്ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില് പോലീസ് ചോദ്യം ചെയ്യലില് സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
അന്വേഷണ ഉദ്യോഗസ്ഥനായ ചേര്ത്തല സ്റ്റേഷന് ഇന്സ്പക്ടര് ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള് സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ടി. അനില്കുമാറിന്റെയും സാന്നിധ്യത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു.
ഐഷ കേസില് സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില് ഇവര്ക്കു നിര്ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
ഇവര് മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്ണായക വെളിപ്പെടുത്തല് കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ അയല്ക്കാരിയുടെയും രഹസ്യമൊഴിയെടുത്തു.
ചേര്ത്തല ജുഡീഷല് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലാണ് മൊഴിയെടുത്തത്. പോലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവര് നടത്തിയത്.സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായാല് ഇയാളില്നിന്നു ലഭിക്കുന്ന വിവരങ്ങള്ക്കനുസരിച്ച് തെളിവെടുക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത്.
ശനിയാഴ്ച സെബാസ്റ്റ്യനെ കൊലപാതകം നടത്തിയ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.2012 മേയ് 13ന് ഐഷ കൊല്ലപ്പെട്ടതായാണ് പോലീസിന്റെ നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന് ഇവരില്നിന്നു തന്ത്രപൂര്വം സ്വര്ണവും പണവും കൈപ്പറ്റിയിരുന്നു. ഐഷ ഇതു മടക്കി ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനു ബലം നല്കുന്ന സാക്ഷിമൊഴികളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര് സ്വദേശിനി ജെയ്നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യന്. കൊലപാതകം നടന്ന് 13 വര്ഷം പിന്നിട്ട സാഹചര്യത്തില് ഐഷ കൊലപാതകക്കേസില് തെളിവുകള് കണ്ടെത്തുക അസാധ്യമാണെന്ന നിഗമനത്തിലാണ് പോലീസ്.

