കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സിറ്റി പെര്‍മിറ്റില്ലാതെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിനു താത്കാലിക പരിഹാരം. ഇന്നലെ ടൗണ്‍ സിഐ. കെ.വി. വേണുഗോപാല്‍, ട്രാഫിക് എസ്‌ഐ പി.കെ.സുധാകരന്‍ എന്നിവര്‍ വിവിധ ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നത്തിനു പരിഹാരമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പെര്‍മിറ്റുള്ള (കെഎംസി) മുഴുവന്‍ ഓട്ടോകളും അഞ്ചു ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളുമായി ട്രാഫിക് സ്റ്റേഷനിലെത്തി രജിസ്റ്റര്‍ ചെയ്യണം.
കെഎംസി നമ്പറില്ലാത്ത കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ ഓട്ടോകളും വെരിഫിക്കേഷനാവശ്യമായ രേഖകളുമായി കണ്‍ട്രോള്‍ റൂമിലെത്തി രജിസ്റ്റര്‍ ചെയ്യണം. കെഎംസി നമ്പറില്ലാത്ത വാഹനങ്ങള്‍ ഈ മാസം 26 വരെ നേരത്തെ ആര്‍ടിഒ അനുവദിച്ച പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ പാര്‍ക്കു ചെയ്തു മാത്രമെ സര്‍വീസ് നട—ത്താന്‍ പാടുള്ളൂ. സിറ്റി പരിധിയില്‍ പാര്‍ക്കു ചെയ്ത് ഇത്തരം ഓട്ടോകള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ധാരണ ലംഘിച്ചു സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.
നിലവില്‍ കെഎംസി നമ്പറുള്ള വാഹനങ്ങള്‍ നമ്പറിനു കീഴെ മഞ്ഞ പെയിന്റടിച്ചിരിക്കണം. ഓട്ടോകള്‍ ട്രാഫിക് സ്റ്റേഷനിലും മറ്റും രജിസ്‌ട്രേഷന് എത്തുമ്പോള്‍ യൂണിയന്‍ നേതാക്കളുടെ സാന്നിധ്യം ഉണ്ടാകണമെന്നും യോഗത്തില്‍ തീരുമാനമായി. കോര്‍പറേഷന്‍ പരിധിയില്‍ പാര്‍ക്ക് ചെയ്തു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ സിഐടിയും ഒഴികെയുള്ള സംയുക്ത യൂണിയനുകള്‍ രംഗത്തെത്തിയതോടെ ഓട്ടോ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും കണ്ണൂര്‍ വേദിയായിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമായാണ് ഇന്നലെ ടൗണ്‍ സിഐ യോഗം വിളിച്ചത്. ടൗണ്‍ സിഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ നേതാക്കളായ കെ.വി. വേണു, കെ.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.