നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു. അംഗീകൃത ട്രേഡ് യൂണിയനുകളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗത്തില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു.
പുതിയ 15 ഓര്‍ഡിനറി ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിക്കാന്‍ എംഎല്‍എ ഇടപെടണമെന്ന് യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധശല്യം തടയാന്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസ് സഹായം ഫലപ്രദമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗ്യാരേജ് കാലോചിതമായി നവീകരിക്കാനും കൂടുതല്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുവാനും തകരാറിലായ ടിക്കറ്റ് മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ ഉടനടി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സമ്പൂര്‍ണ്ണ ദേശസാത്കൃത താലൂക്കായ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി യെ ഡി ടി ഒ ഓഫീസായി ഉയര്‍ത്തും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, മൂവ്‌മെന്റ്, ഗ്യാരേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എന്‍.കെ രഞ്ജിത്ത്, എസ്.എം ഇദിരീസ്, എം. നിഷാന്ത്കുമാര്‍, പി. വിനോദ്കുമാര്‍, എസ്.ജി രാജേഷ്, മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.പി അനിത, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍ വിനോദ്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ അരുണ്‍ വില്‍സ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ റോക്ക്‌ലന്റ് രാജ്, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സെക്യൂരിറ്റി സര്‍ജന്റ് മോഹനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.