തരിയോട്: തരിയോട്, മഞ്ഞുറ, പത്താംമൈല്‍ പ്രദേശ വാസികളുടെ ഏക ആശ്രയമായ വൈത്തിരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് ഓടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തി. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് അനുവദിച്ച ഏക ബസാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി റൂട്ടില്‍ ഓടാതെ കിടക്കുന്നത്. പ്രാരംഭത്തില്‍ മൂന്ന് ട്രിപ്പുകള്‍ ഓടിയിരുന്ന ബസ് പിന്നിടത് ഒരു ട്രിപ്പായി ചുരുങ്ങി. കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയതോടെ കാവുമന്ദം വഴി ചുറ്റിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടയുള്ള ജനങ്ങള്‍ യാത്രചെയ്യുന്നത്. കല്‍പ്പറ്റ, പടിഞ്ഞാറത്തറ, മാനന്തവാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ലോബികളെ സഹായിക്കുവാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ബസ് സര്‍വീസ് നിര്‍ത്തിയതെന്ന ജനങ്ങള്‍ ആരോപിച്ചു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുപത്തഞ്ച് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടിലാണ് നിലവില്‍ ഒരു ബസുപോലും ഇല്ലാത്തത്. ബാണാസുര സാഗര്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റടുത്തപോള് കുടിയൊഴിപ്പിച്ചതിനാലാണ് ഈ റൂട്ടിലുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. നിലവിലെ ബസ് സര്‍വീസ് പുനഃസ്ഥാപിക്കണം എന്ന ആവിശവുമായി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലായെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.