കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു; അപകട ഭീഷണിക്ക് പരിഹാരമില്ല

kkd-flatവടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ സമീപവാസികള്‍ ഭീതിയിലായി. ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ് കെട്ടിട ബാക്കി ഭാഗത്തിന്റെ നില്‍പ്. ഇതിനരികിലൂടെ പൊതുവഴിയുള്ളതും കുട്ടികള്‍ ഈ കെട്ടിടത്തിനോട് ചേര്‍ന്നു കളിക്കുന്നതും നാട്ടുകാരുടെ ഭീതി കൂട്ടിയിരിക്കുകയാണ്. മുകച്ചേരി ഭാഗത്തെ തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗമാണ് സംരക്ഷണമില്ലാത്തതിനാല്‍ നിലംപൊത്തിയത്. മഴയില്‍ കുതിര്‍ന്ന് ചുമരുകള്‍ ഇളകിയതിനാല്‍ വാര്‍പ്പും ചുമരും താഴേക്ക് പതിക്കുകയായിരുന്നു.

മുകച്ചേരി ഭാഗത്തെ റോഡിനോട് ചേര്‍ന്ന കെട്ടിടം അതീവ അപകടാവസ്ഥയിലാണ്. ഏത് സമയവും പൂര്‍ണമായും നിലപതിക്കുമെന്ന സാഹചര്യമാണുള്ളത്. കനത്ത മഴ പെയ്യുമ്പോള്‍ ആധിയിലാണ് പ്രദേശത്തുകാര്‍. കെട്ടിത്തിനടുത്തേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ ചുറ്റം വടം കെട്ടിനിര്‍ത്തി. കെട്ടിടം അപകടാവസ്ഥയിലാണെന്നുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വര്‍ഷങ്ങളോളം ലാന്റ് ട്രിബ്യുണലായും മത്സ്യഭവനായും പ്രവര്‍ത്തിച്ച കെട്ടിടമാണിത്. പത്ത് വര്‍ഷത്തിലേറെയായി വെറുതെ കിടക്കുകയാണ്. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. തുറമുഖ അധികൃതരോട് നിവേദനം മുഖേനയും മറ്റും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

Related posts