കെണിയൊരുക്കി കാനകള്‍; ഇഎസ്‌ഐ ആശുപത്രി മുതല്‍ 15 ഇടങ്ങളില്‍ കാന തുറന്നു കിടക്കുന്നു

EKM-ODAകൊച്ചി: എറണാകുളം നോര്‍ത്ത് ഇഎസ്‌ഐ ആശുപത്രി മുതല്‍ സെമിത്തേരി മുക്ക് വരെയുള്ള പവര്‍ ഹൗസ് എക്‌സറ്റന്‍ഷന്‍ റോഡില്‍ അപകടക്കെണിയൊരുക്കി തുറന്ന കാനകള്‍. ഈ റോഡില്‍ ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരത്തില്‍ 15 ല്‍ അധികമിടത്താണ് കാനതുറന്നും തകര്‍ന്നും കിടക്കുന്നത്. തകര്‍ന്ന കാനകള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതുമൂലം ഇതിനുള്ളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു.

പലയിടങ്ങളിലും ഇങ്ങനെ കാന തുറന്നു കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ റോഡിലേക്ക് വന്നു ചേരുന്ന സേവ്യര്‍ അറയ്ക്കല്‍ റോഡില്‍ മറ്റൊരു വാഹനം കടന്നുപോകുന്നതിനായി വശത്തേക്ക് ഒതുക്കിയ കാര്‍ തുറന്നു കിടന്ന കാനയില്‍ വീണത്. ചിലയിടങ്ങളില്‍ കാന മൂടാതെ തുറന്നു കിടക്കുന്ന അവസ്ഥയാണ്.

മഴ പെയ്താല്‍ വെള്ളം കയറുന്ന ഈ റോഡില്‍ കാന തുറന്നു കിടക്കുന്നത് മനസിലാക്കാന്‍ സാധിക്കാതെ അതിനുള്ളില്‍ വീണ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ കാനയുടെ കോണ്‍ക്രീറ്റ് തകര്‍ന്നിരിക്കുന്നതും കാണാം. ഇങ്ങനെ തുറന്നിരിക്കുന്ന ഭാഗങ്ങളില്‍ കാര്‍ഡ് ബോര്‍ഡും മറ്റും വച്ച് മറച്ചിട്ടുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ഭീതി. എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts