ജിജേഷ് ചാവശേരി
മട്ടന്നൂര്‍: ബ്രിട്ടീഷുകാരോട് പൊരുതി വീരമൃത്യു വരിച്ച കേരളവര്‍മ പഴശിരാജയുടെ പ്രതിമ ഒരുങ്ങുന്നു. പഴശിയിലെ സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനാണ് പഴശി രാജാവിന്റെ പൂര്‍ണകായ ശില്പം നിര്‍മിക്കുന്നത്. നവംബര്‍ 30ന് പ്രതിമ സ്മൃതി മണ്ഡപത്തില്‍ സ്ഥാപിച്ച് അനാഛാദനം ചെയും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പഴശിരാജയുടെ ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണായ പഴശിയില്‍ നഗരസഭ കഴിഞ്ഞ വര്‍ഷം സ്മാരകമൊരുക്കിയത്. ഇവിടെ സ്ഥാപിക്കുന്നതിനാണ് മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പഴശിരാജയുടെ ശില്പവും നിര്‍മിക്കുന്നത്. പ്രശാന്ത് ചെറുതാഴമാണ് ശില്പം നിര്‍മിക്കുന്നത്.
സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഈട്ടിത്തടിയിലാണ് എട്ടടി ഉയരത്തില്‍ പഴശിരാജയുടെ ശില്പവും പീഠവും ഉള്‍പ്പെടെ പണിയുന്നത്്. മരത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് മുന്നോടിയായി അതേ ഉയരത്തിലും വലിപ്പത്തിലുമുളള മെഴുകു ശില്പവും പ്രശാന്ത് നിര്‍മിച്ചിരുന്നു. അഞ്ചുമാസം മുമ്പാണ് പ്രശാന്തിന്റെ വീട്ടില്‍ വച്ച് പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. പ്രതിമയുടെ മിനുക്ക് പണി അവസാനഘട്ടത്തിലാണ്. പഴശി കൊട്ടാരത്തിന്റെ ഒരേയൊരു ശേഷിപ്പെന്ന് പറയാവുന്ന കുളത്തിന് നടുവിലാണ് കൂത്തമ്പലത്തിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിച്ചിരുന്നത്. പഴശിയുടെ പ്രതിമ നിര്‍മിക്കുന്നതിന് മരം ആവശ്യപ്പെട്ട് നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് സര്‍ക്കാരില്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് ഈട്ടിത്തടി നല്‍കിയത്.
പഴശിരാജയുടെ ധീരമായ പോരാട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന മ്യൂസിയവും ആര്‍ട്ട് ഗാലറിയുമടക്കമുള്ള മണ്ഡപത്തിനുളളിലാണ് പ്രതിമ സ്ഥാപിക്കുക. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്ത് പഴശിരാജയുടെ രക്തസാക്ഷിത്വത്തിന്റെ 200 ാം വാര്‍ഷികവേളയിലാണ് പഴശികോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു സ്മാരകം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. 2005 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐഡിഎസ്എംടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചിരുന്നു. എന്നാല്‍ കാലതാമസം വന്നതോടെ കേന്ദ്രപദ്ധതി നിര്‍ത്തലാവുകയും നിര്‍മാണം മുടങ്ങുകയും ചെയ്തു.
ഒടുവില്‍ നഗരസഭ തന്നെ തനത് ഫണ്ടുപയോഗിച്ച് പഴശിസ്മാരകം നിര്‍മിക്കുകയായിരുന്നു. പഴശിരാജയും ബ്രീട്ടീഷ് ഭരണകൂടവുമായി നടത്തിയ പ്രധാന കത്തിടപാടുകളുടെ രേഖകള്‍ സ്മാരകത്തിന്റെ ഭാഗമായുള്ള മ്യൂസിയത്തില്‍ ഉണ്ട്. പഴശിരാജയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിക്കുന്ന ആര്‍ട്ട് ഗാലറി, അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റെ ചരിത്രമടങ്ങുന്ന റഫറന്‍സ് ലൈബ്രറി, പൂന്തോട്ടം, വൈദ്യുതാലങ്കാരങ്ങള്‍ എന്നിവയും സ്മാരകത്തിലുണ്ട്. ഇതിനൊപ്പം പഴശി രാജാവിന്റെ പ്രതിമയും സ്ഥാപിക്കുന്നതോടെ സഞ്ചാരികളെ ഇവിടുത്തേക്ക് ആകര്‍ഷിക്കും.