കാളികാവ്: ചോക്കാട് നാല്‍പ്പത് സെന്റ് ആദിവാസി കോളനിയില്‍ യുവാവ് ശരീരം തളര്‍ന്ന് കൈകാലുകളില്‍ വ്രണങ്ങളുമായി അവശനിലയില്‍. കോളനിയിലെ ചെറിയകക്കുംവള്ളി ശങ്കരന്റെ മകന് ആനന്ദ് (25) ആണ് ഒരു മാസമായി വീടിനകത്ത് ഒന്നു ചലിക്കാന്‍ പോലുമാവാതെ ഈച്ചയും പുഴുവുമരിക്കുന്ന വൃണവുമായി തളര്‍ന്ന് കഴിയുന്നത്. കാലിലെ പേശികള്‍ക്ക് ശക്തിക്കുറവും ശരീരത്തില്‍ പലയിടത്തും തടിപ്പുവന്ന് വ്രണമായിരിക്കുകയാണ്.
കൈകാലുകളില്‍ നിറയെ കുമിളകള്‍ പൊന്തിയതോടെ രോഗമെന്താണെന്ന് മനസിലാകാതെ ആകുലതയിലാണ് കോളനിവാസികള്‍. ഇതു മൂലം കടുത്ത വേദനയോടെ വീടിനകത്ത് തളര്‍ന്നിരിക്കുകയാണ് ആനന്ദ്. നേരത്തെ ഇയാള്‍ക്ക് ഒരു കാലിന് ചെറിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് തീരെ അനങ്ങാന്‍
കഴിയാത്ത നിലയില്‍ തളര്‍ന്ന സ്ഥിതിയിലായത്. ഇതോടെ പ്രാഥമിക കര്‍മങ്ങള്‍ പോലും വീട്ടിനകത്ത് കിടക്കുന്നിടത്തുതന്നെ ചെയ്യേണ്ട അവസ്ഥയാലാണ് ഈ യുവാവ്. കാലിന് വേദന തുടങ്ങിയപ്പോള്‍ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അത്കൊണ്ടൊന്നും ഭേദമാകാതായതോടെ ആനന്ദിനെ വീട്ടിലേക്കുതന്നെ മടക്കിക്കൊണ്ടുവരികയായിരുന്നു. ഇപ്പോള്‍ മരുന്നും ചികിത്സയുമൊന്നുമില്ലാത്ത അവസ്ഥയിലാണ് ആനന്ദ്. അമ്മ ഗിരിജയുടെ പരിചരണത്തിലാണ് ആനന്ദിപ്പോള്‍ കഴിയുന്നത്. മകന് പിടിപെട്ട രോഗമെന്താണെന്നും ഇനി എന്തുചികിത്സ നല്‍കണമെന്നും ഈ അമ്മയ്ക്കും അറിയില്ല.
അമ്മയുടെ നിസഹായതയ്ക്കുമുന്നില് വേദനയും കടിച്ചുപിടിച്ച് അവശനായി കഴിയുകയാണ് ആനന്ദ്. കോളനിയിലെ വീട്ടില്‍ കക്കൂസ് ഇല്ലാത്തതിനാല്‍ മുറ്റത്ത് കുഴികുത്തി തുണികൊണ്ട് മറിച്ചിടത്താണ് ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആനന്ദിനെ അടിയന്തിരമായി മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് കോളനിവാസികള്‍ പറയുന്നത്.