കൊച്ചി മെട്രോയുടെ വേഗതയും സുരക്ഷയും പരിശോധിച്ചു തുടങ്ങി

EKM-METROകൊച്ചി: കൊച്ചി മെട്രോയുടെ വേഗതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കുന്നതിനായി റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പരിശോധന ആരംഭിച്ചു. ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലാണു ലക്‌നൗവിലെ ആര്‍ഡിഎസ്ഒ ആസ്ഥാനത്തുനിന്നെത്തിയ വിദഗ്ധര്‍ പരിശോധന നടത്തുന്നത്.മെട്രോ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം അനുവദനീയമായ അനുപാതത്തിലാണോയെന്നും പാളത്തില്‍ ഉണ്ടാകുന്ന ചലനങ്ങളുടെ സ്വഭാവം, അതിന്റെ ഗതി, ട്രാക്കിന്റെ ലെവല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി വിലയിരുത്തി സംഘം റിപ്പോര്‍ട്ട് തയാറാക്കും. ട്രെയിന്‍ കടന്നു പോകുന്ന സമയത്തു പാളത്തില്‍ വിലങ്ങനെയും കുത്തനെയുമുണ്ടാകുന്ന ചലനങ്ങള്‍ കണക്കിലെടുത്ത് ഓരോയിടത്തും എത്രവേഗത്തില്‍ ട്രെയിന്‍ ഓടിക്കാമെന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കും.

കൊച്ചി മെട്രോയ്ക്കു മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗതയായി നിശ്ചയിച്ചിട്ടുണെ്ടങ്കിലും പാതയില്‍ എവിടെയൊക്കെ എത്രവേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതു പരിശോധനയിലൂടെയാണു തീരുമാനിക്കുക. മുട്ടം മുതല്‍ പാലാരിവട്ടം വരെ പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോ ട്രെയിനില്‍ സഞ്ചരിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍  സംഘം പ്രാഥമിക പരിശോധന നടത്തി. ഇന്നു മുതല്‍ വിശദമായ പരിശോധനകള്‍ നടക്കുമെന്നു മെട്രോ നിര്‍മാണത്തിനു മേല്‍ നോട്ടം നടത്തുന്ന ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. ഇതിനായി അടുത്ത മാസം അഞ്ചു വരെ സംഘം കൊച്ചിയില്‍ ഉണ്ടാകും. ശനിയാഴ്ചയാണു സംഘം കൊച്ചിയില്‍ എത്തിയത്.

സാധാരണഗതിയില്‍ റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തുന്നത് ഇന്‍സ്‌പെക്ഷനു മാത്രമായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കോച്ച് ട്രെയിനില്‍ ഘടിപ്പിച്ചാണ്. എന്നാല്‍ മെട്രോ പാതകളില്‍  അത്തരം പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനം നിലവില്‍ ആര്‍ഡിഎസ്ഒയ്ക്കില്ല. അതുകൊണ്ടു മെട്രോ കോച്ചുകള്‍ക്കകത്തു തന്നെ പ്രത്യേക പോര്‍ട്ടബിള്‍ യന്ത്രസംവിധാനങ്ങള്‍ ഘടിപ്പിച്ചാണു പരിശോധനയും വലിയിരുത്തലും നടത്തുന്നത്. നാലുതരത്തിലുള്ള പാളങ്ങളാണു ട്രെയിനുകള്‍ ഓടിക്കുന്നതിനായി ഉപയോഗിച്ചുവരുന്നത്. ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ്, നാരോ ഗേജ് എന്നിങ്ങനെയാണവ. പാളത്തിന്റെ വീതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതു നിര്‍ണയിക്കുന്നത്. ആധുനികകാലത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ബ്രോഡ് ഗേജ് പാളത്തിന്റെ  വീതി 1673 മില്ലി മീറ്ററാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജിന്റേത് 1435 മില്ലി മീറ്ററും മീറ്റര്‍ ഗേജിന്റേത് 1000 മില്ലീ മീറ്ററും.

നാരോഗേജ് രണ്ടുതരത്തിലുണ്ട്. 760 മില്ലിമീറ്ററും 600 മില്ലിമീറ്ററും വീതിയുള്ളവ. സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള പാളമാണു മെട്രോ റെയിലിനായി ഉപയോഗിക്കുന്നത്. ഈ പാളത്തിലൂടെ ഓടിക്കാന്‍ പറ്റുന്ന പരിശോധന കോച്ച്  ആര്‍ഡിഎസ്ഒയ്ക്കില്ലാത്തതാണു യന്ത്രങ്ങള്‍ മെട്രോ കോച്ചിനകത്തു ഘടിപ്പിച്ചു പരിശോധ നടത്താന്‍ കാരണം. കൊച്ചി മെട്രോയില്‍ നടപ്പാക്കുന്നതു കമ്യൂണിക്കേഷന്‍ ബെയ്‌സ്ഡ് ട്രെയിന്‍ കണ്‍ട്രോളിംഗ് സിസ്റ്റം (സിബിടിസി) ആണ്. ഹൈദരാബാദും ലക്‌നൗവും അടക്കമുള്ള രാജ്യത്തെ പുതിയ മെട്രോകളില്‍ എല്ലാം ഇത്തരത്തിലുള്ള നിയന്ത്രണസംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഡ്രൈവര്‍ ഇല്ലാതെ നിയന്ത്രണം നടത്തുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ കൂടുതല്‍ സൂക്ഷമവും കണിശവുമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആര്‍ഡിഎസ്ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റിയുടെ പരിശോധന നടത്തുകയുള്ളൂ. മെട്രോയ്ക്കു സഞ്ചാര അനുമതി നല്‍കുന്നത് ഈ ഏജന്‍സിയാണ്. റെയില്‍വേയുമായി ബന്ധപ്പെട്ടു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ സംബന്ധിച്ചു പഠനം നടത്തുന്നതിനായി റെയില്‍ മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ചിരിക്കുന്ന വിഭാഗമാണ് ആര്‍ഡിഎസ്ഒ. മെട്രോ നിര്‍മാണം പരിശോധിക്കുന്നതിനായി ഇത്തരം ഏജന്‍സി നിലവില്‍ ഇല്ലാത്തതിനാല്‍ ആര്‍ഡിഎസ്ഒ തന്നെയാണു മെട്രോയിലെ പരിശോധനകളും നടത്തിവരുന്നത്.

Related posts