വി.ആര്. അരുണ്‍കുമാര്‍
കോട്ടയം: തിയറ്ററില്‍ മുഴങ്ങിയ ശബ്ദത്തിലൂടെ കൊച്ചൗവയെ “കണ്ട’ ഒളശ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നടന് കുഞ്ചാക്കോ ബോബനെ തിരിച്ചറിഞ്ഞു. ഉദയ നിര്‍മിച്ച കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം കാണാന്‍ കോട്ടയം രമ്യ തിയറ്ററില്‍ പോയ കുട്ടികളെ കാണാന്‍ കുഞ്ചാക്കോ ഇന്നലെ ഒളശ സ്കൂളിലെത്തിയപ്പോള്‍ ഏവര്‍ക്കും വിസ്മയം. ഇന്നലെ ഉച്ചയോടെ സ്കൂളിലെത്തിയ ചാക്കോച്ചന് നിമിഷനേരം കൊണ്ട് കുട്ടികളിലൊരാളായി മാറി. എല്ലാവര്ക്കും സുഖമാണോ… എന്നു ചോദിച്ചുകൊണ്ടാണു വിദ്യാര്‍ഥികളെ അദ്ദേഹം കൈയിലെടുത്തത്. കഴിഞ്ഞ 21നു കോട്ടയം രമ്യ തിയറ്ററില്‍ അന്ധവിദ്യാലയത്തിലെ 40 വിദ്യാര്‍ഥികള്‍ അയ്യപ്പ കൊയലോ സിനിമ കാണാനെത്തിയ വിവരം സുഹൃത്തു വഴി കുഞ്ചാക്കോ ബോബന് അറിയാനിടയായി.
കാഴ്ചയില്ലെങ്കിലും ചിലര്‍ക്കെങ്കിലും ഒരു നിഴല്‍പോലെ സ്ക്രീനിലെ ചിത്രങ്ങള്‍ കാണാനായി. ചിലര്‍ ശബ്ദം മാത്രമേ കേട്ടുള്ളു. സംഭാഷണങ്ങളും ഗാനങ്ങളും നന്നായി ആസ്വദിച്ച കുട്ടികള്‍ തിയറ്ററില്‍ നിറഞ്ഞ കൈയടി സമ്മാനിച്ചാണു സ്കൂളിലേക്ക് മടങ്ങിയതത്രെ.പലരും സിനിമയിലെ ഡയലോഗുകളും ഗാനങ്ങളും കാണാതെ പഠിക്കുകയും ചെയ്തു.ഇന്നലെ ഉച്ചകഴിഞ്ഞു 1.30നു അന്ധവിദ്യാലയത്തിലെത്തിയ കുഞ്ചാക്കോ ബോബനെ ഹെഡ്മാസ്റ്റര് ഇ.ജെ. കുര്യന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. കുഞ്ചാക്കോ ബോബന് വിദ്യാര്‍ഥികളുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു.
സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉള്‍ക്കാഴ്ച കൊണ്ട് സിനിമ കണ്ടവരാണ് സ്കൂളിലെ വിദ്യാര്‍ഥികളെന്നും അവരെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് ജീവിതത്തിലെ സുവര്‍ണനിമിഷങ്ങളില്‍ ഒന്നാണെന്നും നടന് പറഞ്ഞു.നമ്മള് ആരാകണമെന്നാഗ്രഹിക്കുന്നുവോ ആ ആഗ്രഹം തീവ്രമാണെങ്കില്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കൂടെയുണ്ടാകും എന്ന കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗ് കുഞ്ചാക്കോ ബോബനു മുന്നില്‍ അവതരിപ്പിച്ച് ജോബിന് എന്ന വിദ്യാര്‍ഥി കൈയടി നേടി.
വിദ്യാര്ഥികളോടൊപ്പമിരുന്നു ഭക്ഷണം കഴിച്ച കുഞ്ചാക്കോ ബോബന്, സെല്‍ഫിയെടുക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയാനും സമയം കണെ്ടത്തി. സിനിമയുടെ സംവിധായകന് സിദ്ധാര്‍ഥ് ശിവയും അണിയറ പ്രവര്‍ത്തകരും താരത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലും കുഞ്ചാക്കോ ബോബന് പങ്കെടുത്തു.