കൊടിയത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ക്വാറി നിരവധി കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു

kkd-quaryമുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കരിങ്കല്‍ ക്വാറിയിലെ ഖനനം മൂലം ജീവിതം വഴിമുട്ടി ഒരു കുടുംബം. ഗോതമ്പ് റോഡ് കൊളക്കാടന്‍ അലി അസ്ക്കറിന്റെ കുടുംബമാണ് നീതി തേടി അധികൃതരുടെ മുന്നില്‍ കൈകൂപ്പുന്നത്. 25 വര്‍ഷം മുന്‍പ് പ്രദേശത്ത് വീടുവച്ച് താമസമാക്കിയതാണ് അസ്ക്കറിന്റെ കുടുംബം.

അന്നൊന്നും കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കില്ലായിരുന്നു.എന്നാല്‍ 2007 മുതല്‍ വീടിനടുത്ത് പ്രവര്‍ത്തനമാരംഭിച്ച കരിങ്കല്‍ ക്വാറിയാണ് ഈ കുടുംബത്തിന്റെ സൈ്വരജീവിതത്തിന് തടസമായത്. ഏതു സമയവും ക്വാറിയില്‍നിന്നുള്ള കരിങ്കല്‍ കഷണങ്ങള്‍ വീട്ടിലേക്ക് വരുമെന്ന അവസ്ഥ. കൊച്ചുകുട്ടികളെ പുറത്തിറക്കാന്‍ പോലും പറ്റാത്ത അവസ്ഥ.

ആകെയുള്ള സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കി നിര്‍മിച്ച വീടിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ക്വാറിയിലെ ശക്തമായ പ്രകമ്പനം മൂലം വീടിന് വിള്ളല്‍ വീഴാത്ത ഒരു ഭാഗം പോലുമില്ല. നിരവധി തവണ പഞ്ചായത്തധികൃതര്‍ക്കും വില്ലേജ് ഓഫീസര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.

ക്വാറി പ്രവര്‍ത്തിക്കുന്നത് മറ്റൊരു ക്വാറിയുടെ ലൈസന്‍സ് ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ ക്വാറി മാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അലിഅസ്ക്കറിന്റെ സമീപവാസികളായ നിരവധി കുടുംബങ്ങളും ഇത്തരത്തില്‍ ദുരിതത്തിലാണ്.

Related posts