അഖില്‍ ആന്‍ഡ്രൂസ്
കോലഞ്ചേരി: സംസ്ഥാനത്തു ജാതി കൃഷിക്കു പേരുകേട്ട സ്ഥലങ്ങളിലൊന്നാണു പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിളളി. മറ്റു കൃഷികളും ധാരാളം. പ്രദേശവാസികളില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍. മൂവാറ്റുപുഴയാര്‍ നല്‍കുന്ന ജലസമൃദ്ധിയും മണ്ണിന്റെ ഫലഭൂയിഷ്ടതയും ഇവിടെ വിളവുകള്‍ മികച്ചതാക്കുന്നു.
പ്രദേശത്തെ കര്‍ഷകരുടെ സന്തോഷങ്ങളെ തൂത്തെറിഞ്ഞ ദിനമായിരുന്നു 2014 ഏപ്രില്‍ 24. അന്നു വീശിയടിച്ച ചുഴലികൊടുങ്കാറ്റ് മിക്ക കര്‍ഷകരുടെയും കൃഷിയിടങ്ങളെ തകര്‍ത്തുതരിപ്പണമാക്കി. കറുകപ്പിളളി, തമ്മാനിമറ്റം, നിരപ്പാമല ഭാഗങ്ങളിലാണു ചുഴലിക്കാറ്റ് വന്‍നാശം വിതച്ചത്.
കായ്ഫലമുളളതും ഇല്ലാത്തതുമായ 15,000 ജാതികള്‍, 17,000 റബര്‍ മരങ്ങള്‍, 7000 വാഴകള്‍, കമുക് 1000, കപ്പകൃഷി നാല് ഹെക്ടര്‍, പച്ചക്കറികൃഷി അഞ്ച് ഹെക്ടര്‍ തുടങ്ങിയവ നശിച്ചതായാണ് ഔദ്യോഗിക കണക്ക്. പൂതൃക്ക കൃഷിഭവനു കീഴില്‍ ഏകദേശം ഒമ്പതു കോടി രൂപയുടെ കൃഷിനാശമാണു കൃഷി വകുപ്പ് കണക്കാക്കിയത്. അനൗദ്യോഗിക കണക്ക് 27 കോടി രൂപയായിരുന്നു.
വന്‍ കെടുതികളുണ്ടായിട്ടു വര്‍ഷം രണ്ടു കഴിഞ്ഞെങ്കിലും ചുഴലിക്കൊടുങ്കാറ്റിന്റെ ആഘാതത്തില്‍നിന്നു കര്‍ഷകര്‍ ഇനിയും മുക്തരായിട്ടില്ല. ദുരന്തവേളയില്‍ ആശ്വാസവാക്കുകളും സഹായവാഗ്ദാനങ്ങളും ഒരുപാടുണ്ടായിരുന്നു. എന്നാല്‍ നഷ്ടപരിഹാരമായി കാലണപോലും ആര്‍ക്കും ലഭിച്ചില്ല. സര്‍ക്കാരിന്റെ കനിവിനായി പൂതൃക്കയിലെ കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നഷ്ട പരിഹാരം വിതരണം ചെയ്യുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതു പാഴ്‌വാക്കായി.
പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വന്നു. അപ്പോഴും വാഗ്ദാനങ്ങളുണ്ടായി. പക്ഷേ, ഒന്നും സംഭവിച്ചില്ല. കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ചു എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്തംഗവുമായ ജോര്‍ജ് ഇടപ്പരത്തി കൃഷിവകുപ്പ് ഡയറക്ടറേറ്റില്‍ വിവരാവകാശ നിയമപ്രകാരം മറുപടി തേടിയിരുന്നു. നഷ്ടപരിഹാര കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നായിരുന്നു മറുപടി.
ജനപ്രതിനിധികളടക്കമുള്ളവരുടെ നിസംഗതയാണു കര്‍ഷകരുടെ ദുര്‍ഗതിക്കു കാരണമെന്ന ആക്ഷേപമാണു നിലവില്‍ ശക്തമാകുന്നത്.
സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചു നഷ്ടപരിഹാരം ലഭിച്ചാലും അതു തുച്ഛമാണ്. ടാപ്പിംഗ് നടത്തുന്ന റബറിന് 300 രൂപ, തൈ റബറിന് 200 രൂപ, കുലച്ചവാഴ 100, കുലക്കാത്തത് 75, കായ്ഫലമുളള തെങ്ങ് 700, ഇല്ലാത്തത് 350, കായ്ഫലമുളള ജാതി 400, ഇല്ലാത്തത് 150 എന്നിങ്ങനെയാണു നിലവിലുള്ള നഷ്ടപരിഹാര തോത്.
ഈ നാമമാത്ര സഹായത്തിനായാണു രണ്ടുവര്‍ഷമായി കര്‍ഷകര്‍ കാത്തിരിക്കുന്നത്. ഒരായുസിന്റെ അധ്വാനഫലം മുഴുവന്‍ നഷ്ടപ്പെട്ടു നിരാശരായി കഴിയുന്നവര്‍ക്കുനേരേ പുറംതിരിഞ്ഞു നില്‍ക്കുന്ന അധികൃതരുടെ നടപടി കടുത്ത കര്‍ഷകദ്രോഹം തന്നെയാണെന്നു പറയാതെ വയ്യ. അവഗണനയില്‍ മനംനൊന്ത് പലരും കൃഷി വിട്ടൊഴിഞ്ഞിരിക്കുന്നു. വായ്പയെടുത്തു കൃഷിയിറക്കി കടക്കെണിയിലായവര്‍ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലാത്ത അവസ്ഥയിലായിരിക്കുന്നു. ഇവരെ ഇനിയും പീഡിപ്പിക്കരുത്.