കൊട്ടാരക്കര മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നു

PKD-ROADKUZHIകൊട്ടാരക്കര: മഴതുടങ്ങിയതോടെ ദേശീയപാത ഉള്‍പ്പടെ കൊട്ടാരക്കര മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നു.പൊതുമരാമത്ത് വകുപ്പുവക റോഡുകളും ത്രിതല പഞ്ചായത്ത് നിര്‍മിച്ച റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇതോടെ വാഹന യാത്ര ദുഷ്ക്കരമാകുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു തുടങ്ങി. കൊല്ലം- തിരുമംഗലം ദേശീയപാത കൊട്ടാരക്കര ടൗണില്‍തന്നെ പല ഭാഗത്തും തകര്‍ന്നിട്ടുണ്ട്. ചന്തമുക്കിലും പുലമണ്‍ഭാഗത്തും റോഡ് മധ്യത്തില്‍തന്നെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.്  ഇവയില്‍വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. നെടുവത്തൂരില്‍ കലുങ്ക് നിര്‍മാണത്തിനുവേണ്ടി വെട്ടിപ്പൊളിച്ച ഭാഗങ്ങള്‍ ഇനിയും നന്നാക്കിയിട്ടില്ല. നിരവധി വാഹനാപകടങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പും ഇരുചക്രവാഹനം ഇവിടെ കുഴിയില്‍ വീണ് അപകടമുണ്ടായി. ലോകനിലവാരത്തില്‍ നിര്‍മിച്ച എംസി റോഡും പല ഭാഗങ്ങളിലും തകര്‍ന്നിട്ടുണ്ട്. പുത്തൂര്‍ മുക്കിലും പുലമണിലും റോഡ് പൊളിഞ്ഞുതുടങ്ങി. ചെറിയ രീതിയില്‍ മഴപെയ്താല്‍ പോലും എംസിറോഡിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടായി മാറും. പുലമണില്‍ മഴപെയ്താല്‍ വാഹന ഗതാഗതം അസാധ്യമാകുംവിധമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത് .കരിക്കത്തും മൈലത്തും ഇതേ സ്ഥിതി നിലവിലുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതയും ഓടനിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് റോഡ് വെള്ളക്കെട്ടായി മാറാന്‍ കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.  പുലമണ്‍ ടൗണിലെ ഓടകളെല്ലാം നീരൊഴുക്കുതടയുംവിധം അടഞ്ഞും പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്.

മഴപെയ്യുമ്പോള്‍ പുലമണ്‍ ടൗണ്‍ വെള്ളക്കെട്ടായി മാറുന്നതിന് കാരണം ഇതാണ്. കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ദേശീയപാതകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കര ഭരണിക്കാവ് റോഡ് ഒരു വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുകയാണ്. മഴയാരംഭിച്ചതോടെ തകര്‍ച്ച പൂര്‍ണമായിട്ടുണ്ട്. ചില ഭാഗങ്ങള്‍ റോഡോ തോടോ എന്നറിയാന്‍ കഴിയാത്തവിധം പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്, അവണൂര്‍, പത്തടി, മൂഴിക്കോട്, കല്ലുംമൂട്, ചുങ്കത്തറ പുത്തൂര്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം റോഡ് പൊട്ടിപൊളിഞ്ഞ് വെള്ളംകയറി കിടക്കുന്നു.

നിരവധി തവണ ഈ റോഡില്‍ കുഴിയടയ്ക്കല്‍ ജോലികള്‍ നടന്നെങ്കിലും ദിവസങ്ങള്‍ക്കകം തകരുകയാണ്. ഈ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുള്ളതുമാണ്. ത്രിതല പഞ്ചായത്തുകള്‍ നിര്‍മിച്ചിട്ടുള്ള മിക്ക ഗ്രാമീണ റോഡുകളുടെയും സ്ഥിതിയും ഇതുപോലെതന്നെയാണ്. ആറുമാസം പോലും സുഗമമായ സഞ്ചാരം അസാധ്യമാകുംവിധമാണ് എല്ലാ റോഡുകളുടെയും നിര്‍മാണം. മഴപെയ്യുമ്പോള്‍ തകരാത്തതായി  ഒറ്ററോഡുപോലുമില്ല. ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും കറവപശുവാണ് റോഡും റോഡ് വികസനവും.

Related posts