കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്നു കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കളളപ്പണ-കുഴല്‍പ്പണ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. ഇതേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്നു അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നെടിയിരുപ്പ് കൊട്ടൂക്കര കാരി വടക്കേതൊടി മറിയുമ്മ(60)യില്‍ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനെത്തയ പണം പരിശോധിക്കുന്നതിനിടെ 37,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 1000, രൂപയുടെ 37 നോട്ടുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പിടിയിലായ സ്ത്രീക്ക് കേസില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. കള്ളനോട്ട് ആണെന്നറിയാതെയാണ് ഇവര്‍ ബാങ്കിലെത്തിയത്. റിമാന്‍ഡിലായ ഇവര്‍ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. കുഴല്‍പ്പണ വിതരണക്കാര്‍, കള്ളപ്പണക്കാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയതാണ് കളളനോട്ടുകളെന്ന് പോലീസ് വിലയിരുത്തല്‍. കുഴല്‍പ്പണക്കാര്‍ കള്ളനോട്ടുകള്‍ കുറഞ്ഞ രീതിയിലാണ് ഇടകലര്‍ത്താറുളളത്.
രണ്ടുമാസം മുമ്പ് കൊണ്ടോട്ടി പോലീസ് പിടികൂടിയ 15 ലക്ഷം രൂപയില്‍നിന്ന് 13,000 രൂപയുടെ കളളനോട്ടുകളാണ് കണ്ടെത്തിയത്. എന്നാല്‍ മറിയുമ്മയില്‍ നിന്ന് 37,000 രൂപയുടെ കള്ള നോട്ടുകള്‍ കണ്ടെത്തിയതോടെയാണ് കള്ളപ്പണക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് കുഴല്‍പ്പണം എത്തിച്ചവരെക്കുറിച്ച് പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.