കൊന്നയ്ക്കല്‍കടവിലെ വാഴപളത്ത് പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി

pkd-puliവടക്കഞ്ചേരി: പുലിയുടെ സാന്നിധ്യം അറിയാന്‍ വനംവകുപ്പ് ട്രാപ്പിംഗ് കാമറ സ്ഥാപിച്ചിട്ടുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കല്‍കടവ് പൂളക്കചാലിനുസമീപം വാഴപളത്ത് പുലിയിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് വാഴപളം ബാബുവിന്റെ മകന്‍ വിപിന്റെ ബൈക്കിനു കുറുകേ പുലിചാടിയത്. ചീറ്റിയടുത്ത പുലി പിന്നീട് റോഡ് സൈഡിലുള്ള തോട്ടത്തിലേക്ക് ഓടിപ്പോയി. സംഭവമറിഞ്ഞ് നിരവധിപേര്‍ ഓടിക്കൂടി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഫോറസ്റ്റര്‍ എം.ശശികുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞമാസം 14നാണ് ഇവിടെയടുത്ത് പൂളക്കചാല്‍ മാമ്പിള്ളില്‍ ഷാബുവിന്റെ വീടിനടുത്തെ ആട്ടിന്‍കൂട് തകര്‍ത്ത് രണ്ടാടുകളെ പുലികൊന്നത്. ഇതേ തുടര്‍ന്നാണ് പുലിയുടെ സാന്നിധ്യം അറിയാന്‍ 17ന് ഷാബുവിന്റെ ആട്ടിന്‍കൂടിനുസമീപം പറമ്പിക്കുളത്തുനിന്നും കൊണ്ടുവന്ന രണ്ടു ട്രാപ്പിംഗ് കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ മൂന്നാഴ്ചയോളമായിട്ടും കാമറയ്ക്കുമുന്നില്‍ പുലി എത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രദേശത്ത് പുലിയുണ്ടെന്ന് ഉറപ്പാക്കി മണിമുക്കിനടുത്ത് അമ്പിട്ടന്‍തരിശ് റോഡില്‍ വാഴപളത്ത് പുലിയെ കണ്ടത്.

Related posts