കൊലപാതകി അയല്‍വാസിയോ? ജിഷ വധക്കേസുമായി ബന്ധപ്പെട്ടു അയല്‍വാസി വീണ്ടും കസ്റ്റഡിയില്‍; പെരുമ്പാവൂരില്‍നിന്നു മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ തേടിയും പോലീസ്

jishaപെരുമ്പാവൂര്‍: കുറുപ്പംപടിയിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലു ള്ള അയല്‍വാസികളെ പോലീസ് വീണ്ടും ചോദ്യംചെയ്യുന്നു. ഇതിന്റെ ഭാഗമായി അയല്‍വാസിയായ ഒരാളെ ഇന്നുരാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, പെരുമ്പാവൂരില്‍നിന്നു മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു കേസിനാസ്പദമായ ഒരു തെളിവും ലഭിച്ചില്ല. വിരലടയാളം, പല്ലിന്റെ ഘടന തുടങ്ങിയവ മുന്‍നിര്‍ത്തി ഇതിനകം 400ലധികം സമീപവാസികളെ പോലീസ് പരിശോധന നടത്തി. ഇതിനിടെയാണു പ്രതി ഉപയോഗിച്ചതായി പറയുന്ന ചെരുപ്പുകള്‍ വീടിനു സമീപത്തു പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നാട്ടിലുള്ള ആരെങ്കിലും  ഇത്തരത്തിലുള്ള ചെരുപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ അവരെക്കുറിച്ചു വിവരം ശേഖരിക്കാനാണ് ചെരുപ്പ് പ്രദര്‍ശിപ്പിച്ചതെന്നാണുപോലീസ് ഭാഷ്യം.

എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളാണ് ഇത്തരം ചെരുപ്പ് ഉപയോഗിക്കുന്നതെന്നാണു പൊതുവേ വിലയിരുത്തല്‍. പക്ഷേ, കനാല്‍ പുറമ്പോക്കില്‍ ആരെങ്കിലും ഉപേക്ഷിച്ചതാകാം പോലീസ്  കണ്ടെടുത്ത  ചെരുപ്പെന്നും ആക്ഷേപമുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ തെരഞ്ഞെടുപ്പായതിനാല്‍ ഇന്നലെ വിട്ടയച്ചു.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അടിമാലിയില്‍നിന്നു പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നുണ്ട്. അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന  അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കേസിന്റെ അന്വേഷണത്തിനാവശ്യമായ ഒരു തെളിവുകളും കണ്ടെത്താന്‍ കഴിയാത്തതാണു പോലീസിനെ കുഴയ്ക്കുന്നത്.

Related posts