കൊലവിളിച്ച് ടോറസ്! അതിരമ്പുഴ എംജി യുണിവേഴ്‌സിറ്റിക്ക് മുമ്പില്‍ ടോറസ് ലോറി കയറി അധ്യാപിക മരിച്ചു; ശരീരത്തിലൂടെ രണ്ടുതവണ കയറിയിറങ്ങി; ദാരുണ രംഗം കണ്ട് ഞെട്ടിവിറച്ച് നാട്ടുകാര്‍

leena1അതിരമ്പുഴ: അമിതവേഗത്തിലെത്തിയ ടോറസ് ലോറി  സ്കൂട്ടറില്‍ തട്ടിയതിനെത്തുടര്‍ന്ന് തെറിച്ചുവീണ അധ്യാപിക അതേ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണമായി മരിച്ചു. ഇന്നു രാവിലെ 8.15-ന് എംജി യൂണിവേഴ്‌സിറ്റി ബസ്‌സ്‌റ്റോപ്പിലാണ് അപകടം. മേരിമൗണ്ട് സ്കൂള്‍ അധ്യാപികയും മാന്നാനം മുത്തേടം (കല്ലുവെട്ടാംകുഴി) ഷാജി മാത്യുവിന്റെ ഭാര്യയുമായ ലീന(42)യാണ് മരിച്ചത്.

ഭര്‍ത്താവ് ഷാജിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ലീനയെ സ്കൂളില്‍ കൊണ്ടാക്കുന്നതിനു പോകുകയായിരുന്നു. റോഡിലെ ഹംബില്‍ കയറിയിറങ്ങുകയായിരുന്നതിനാല്‍ സ്കൂട്ടറിനു വേഗം കുറവായിരുന്നു. പിന്നാലെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടോറസ് ലോറി വേഗം കുറയ്ക്കാതെ ഹംബില്‍ കയറിയിറങ്ങുകയും സ്കൂട്ടറില്‍ തട്ടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ലോറി തട്ടിയതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ മറിയുകയും ഷാജി ഇടതുവശത്ത് റോഡരികിലേക്കു വീഴുകയും ലീന വലതുവശത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തൊട്ടടുത്തനിമിഷം ലോറി ലീനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ലീനയുടെ വയറിലൂടെ കയറിയിറങ്ങിയ ലോറി പിന്നോട്ടെടുത്തപ്പോള്‍ വീണ്ടും ശരീരത്തിലൂടെ കയറിയിറങ്ങി. തല്‍ക്ഷണം മരണം സംഭവിച്ചു.
lorry1
റോഡിലേക്കു തെറിച്ചുവീണ ഷാജി ചാടിയെണീറ്റ് നോക്കുമ്പോള്‍ കണ്ടത് ലീനയുടെ ചതഞ്ഞരഞ്ഞ ശരീരമാണ്. ദാരുണരംഗം കണ്ട് നടുങ്ങിവിറച്ച ഷാജി അവിടെനിന്ന് ഓടിമാറി. ഓടിയെത്തിയവര്‍ക്കാര്‍ക്കും സംഭവസ്ഥലത്തേക്കു വരാനുള്ള ധൈര്യമുണ്ടായില്ല.

ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ.അരുണ്‍, എഎസ്‌ഐ ജസ്റ്റിന്‍ മണ്ഡപം എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.  നാട്ടുകാര്‍ ചേര്‍ന്ന് അപകടസ്ഥലത്ത് തളംകെട്ടിയ രക്തവും മറ്റും കഴുകിക്കളഞ്ഞു. കോഴിക്കോട് നാട്ടുപറമ്പില്‍ കുടുംബാംഗമാണ് ലീന. മക്കള്‍: എബി, ആല്‍ബി (ഇരുവരും മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍).

Related posts