പാലക്കാട്: കൊല്ലങ്കോട് പഞ്ചായത്തില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ഒരുമെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജനിലയം ഇന്ന് വൈദ്യുതി – ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിക്കും. വൈകിട്ട് മൂന്നിന് അച്ചനാംകോട് നടക്കുന്ന ചടങ്ങില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ.ബിജു എം.പി മുഖ്യാതിഥിയാകും . പദ്ധതിക്കായി 300 വാട്ട് ശേഷിയുള്ള 3380 സോളാര്‍ പാനലുകളും ഡി.സി.വൈദ്യുതിയെ എ.സിയാക്കുന്നതിന് 500 കിലോ വാട്ട് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടറുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് എക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ നിന്നും ലഭിക്കുന്ന വൈദ്യുതി കൊല്ലങ്കോട് 110 കെ.വി സബ്‌സ്റ്റേഷനിലേക്ക് കൈമാറും. കുളത്തിനു സമീപം സംഭരണ ശേഷിക്ക് ഒരു കുറവും വരുത്താതെ ജല ബാഷ്പീകരണം കുറക്കുന്ന തരത്തിലാണ് പാനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 6.75 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ വി.ശിവദാസന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് സേഫ്റ്റി & ജനറേഷന്‍-ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.