കൊല്ലത്തെ ക്രമസമാധാനപാലനം ഇനി ദമ്പതികള്‍ക്ക്; ഭര്‍ത്താവ് സിറ്റി പോലീസ് കമ്മീഷണര്‍, ഭാര്യ റൂറല്‍ എസ്പി

IPSഎം.സുരേഷ്ബാബു

തിരുവനന്തപുരം: ഒരു ജില്ലയുടെ ക്രമസമാധാനപാലന ചുമതല ദമ്പതികള്‍ കൈകാര്യം ചെയ്യുന്നത് അപൂര്‍വമാണ്. എന്നാല്‍ കൊല്ലം ജില്ലയുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നതിനുള്ള നിയോഗം യുവ ഐപിഎസ് ഓഫീസര്‍മാരായ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. കൊല്ലം റൂറല്‍ എസ്പി. അജിതാ ബീഗത്തിനും ഭര്‍ത്താവ് സതീഷ് ബിനോക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. നിലവില്‍ കൊല്ലം റൂറല്‍ എസ്പിയാണ് അജിതാ ബീഗം. ഭര്‍ത്താവായ സതീഷ് ബിനോ കോട്ടയം എസ്പിയായിരുന്നു.

കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് സതീഷ് ബിനോയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി. കേരള പോലീസിലെ മികച്ച യുവ ഐപിഎസ് ഓഫീസറാണ് അജിതാബീഗം. കേരളത്തിലെ പല സുപ്രധാന കേസുകളും അന്വേഷിച്ച അന്വേഷണ മികവിന് ഉടമകൂടിയാണ് അജിതാബീഗം. വരാപ്പുഴ പീഡനകേസ്, തെറ്റയില്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണം നടത്തിയത് അജിതാ ബീഗമായിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായിരിക്കുന്ന കാലയളവിലാണ് ശോഭാ ജോണ്‍ പ്രതിയായ വരാപ്പുഴ പീഡനകേസിന്റെ അന്വേഷണ ചുമതല അജിതാ ബീഗത്തിന് ലഭിച്ചത്. 2008 ബാച്ച് ഐപിഎസ് ഓഫീസറായ അജിതാ ബീഗം കോയമ്പത്തൂര്‍ സ്വദേശിനിയാണ്. തന്റെ ആദ്യ നിയമനം ജമ്മുകാശ്മീരിലായിരുന്നു. എഎസ്പി ട്രെയിനിയായി സര്‍വീസില്‍ പ്രവേശിച്ച അജിതാ ബീഗം പിന്നിട് കാശ്മീരിലെ റിയാസി, റാംബന്‍ എന്നി ജില്ലകളുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി, തൃശൂര്‍ റൂറല്‍ എസ്പി, തിരുവനന്തപുരം സിറ്റി ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പള്‍ എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് വേളയിലായിരുന്നു കൊല്ലം റൂറല്‍ എസ്പിയായി അജിതയെ നിയമിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവിനുള്ളില്‍ ഈ യുവ ഐപിഎസ് ഓഫീസര്‍ക്ക് നാല് മാരത്തോണ്‍ സ്ഥലം മാറ്റത്തിന് വിധേയമാകേണ്ടി വന്നിരുന്നു. ക്രമസമാധാനപാലന രംഗത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനവും പൊതുജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവും അജിതാബീഗത്തിനെ കൂടുതല്‍ ജനകീയ പോലീസ് ഓഫീസറുടെ ഉന്നതിയിലെത്തിച്ചു.

കന്യാകുമാരി സ്വദേശിയായ സതീഷ് ബിനൊയും 2008 ഐപിഎസ് ബാച്ചുകാരനാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിനിയായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ഉജൈയിന്‍ എഎസ്പിയായി. കൊള്ളക്കാരുടെ മേഖലയായ ചമ്പല്‍ക്കാട്  ഉള്‍പ്പെടുന്ന മൊറാറ ജില്ലയില്‍ അഡീഷണല്‍ എസ്പിയായും സതീഷ് ബിനൊ സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം റൂറല്‍ എസ്പി, കോട്ടയം എസ്പി എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന സതീഷ് ബിനൊയും അജിതാ ബീഗവും ഇക്കാലമത്രയും വിദൂരസ്ഥലങ്ങളിലായിരുന്നു ഔദ്യോഗികജീവിതം നയിച്ചിരുന്നത്. ഇപ്പോഴാണ് ഒരു ജില്ലയില്‍ തന്നെ ഇരുവര്‍ക്കും ഔദ്യോഗിക ജീവിതം നയിക്കുന്നതിന് അവസരം ലഭിച്ചത്.

Related posts