കൊല്ലത്ത് സീറ്റ് നിലനിര്‍ത്താനും പിടിച്ചെടുക്കാനും മുന്നണികള്‍

KKD-ELECTIONസ്വന്തം ലേഖകന്‍
കൊല്ലം ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ഥികള്‍ പൊരിഞ്ഞപോരാട്ടത്തിലാണ്. പ്രചാരണത്തിന് നാളെ തിരശീലവീഴാനിരിക്കെ വിജയപ്രതീക്ഷയിലാണ് മുന്നണി സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ നാണക്കോട് ഇക്കുറി ഉണ്ടാകില്ലെന്നാണ് നേതാക്കന്‍മാരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നഏഴുസീറ്റുകളിലും വിജയപ്രതീക്ഷ പുലര്‍ത്തുകയാണ്. കുണ്ടറ, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, കൊല്ലം,പത്തനാപുരം, ചടയമംഗലം കൊട്ടാരക്കര എന്നീ സീറ്റുകളിലാണ് മത്സരിക്കുന്നത്. കുണ്ടറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും, കരുനാഗപ്പള്ളിയില്‍ സിആര്‍.മഹേഷ്, ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്‍, കൊട്ടാരക്കരയില്‍ സവിന്‍ സത്യന്‍, ചടയമംഗലത്ത് എം.എം ഹസന്‍, കൊല്ലത്ത് സൂരജ് രവി, പത്തനാപുരത്ത് ജഗദീഷ് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചവറയും പത്തനാപുരവുമാണ് ലഭിച്ചത്. ഷിബുബേബീജോണ്‍തന്നെയാണ് ഇക്കുറിയും ചവറയില്‍ മത്സരിക്കുന്നത്. ഗണേഷ്കുമാറാകട്ടെ എല്‍ഡിഎഫ് പാളയത്തിലാണ്. 2006ലെ തെരഞ്ഞെടുപ്പിലാകട്ടെ പത്തനാപുരത്ത് കെബി ഗണേശ്കുമാറിന്റെ വിജയം കൊണ്ട് യുഡിഎഫിന് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഒരൊറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ജില്ലയില്‍ വിജയിച്ചിട്ടില്ല.. ഈ നാണക്കേട് മാറ്റാനുള്ള തന്ത്രപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്നതിനോടൊപ്പം മുന്നണിയിലെ മറ്റ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനായി ഒറ്റക്കെട്ടായി യുഡിഎഫ് പ്രവര്‍ത്തിച്ചുവരികയാണ്. അതേസമയം കഴിഞ്ഞതവണ ലഭിച്ച 11ല്‍ പത്ത് സീറ്റും ഗണേശ്കുമാറിന്റെ സീറ്റ് ഉള്‍പ്പെടെ നിലനിര്‍ത്താനാണ് എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി രാജനെ കൊല്ലത്ത് നിര്‍ത്തിയെങ്കിലും പി.കെ ഗുരുദാസനോട് പരാജയപ്പെട്ടു. ഇവിടെ സൂരജ് രവിയെ നിര്‍ത്തിയാണ് സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ചലച്ചിത്രതാരമായ മുകേഷാണ് എതിരാളി. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫ,ശശികുമാറും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലൂടെ മുന്നേറിയിരിക്കുകയാണ്. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും എം.എം ഹസനും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍ ബിജെപി സ്ഥാനാര്‍ഥി കെ.ശിവദാസനും മെച്ചപ്പെട്ട പ്രചാരണ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഐഷാപോറ്റിക്കെതിരെ സവിന്‍ സത്യനാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി രാശേശ്വരി രാജേന്ദ്രനും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്.

ചാത്തന്നൂരില്‍ സിറ്റിംഗ് എംഎല്‍എയായ ജി.എസ് ജയലാലിനെതിരെയാണ് ശൂരനാട് രാജശേഖരന്‍ പടവെട്ടുന്നത്. മെച്ചപ്പെട്ട പ്രചാരണ പ്രവര്‍ത്തനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ഗോപകുമാര്‍ ഉള്‍പ്പെടെ കാഴ്ചവയ്ക്കുന്നത്. കു|റയിലാകട്ടെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഏറ്റുമുട്ടുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശ്യാംകുമാറും ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. സിആര്‍മഹേഷ് മത്സരിക്കുന്ന കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫിലെ ആര്‍.രാമചന്ദ്രന്‍ പൊരിഞ്ഞപോരാട്ടം നടത്തുകയാണ്. ബിജെപി സ്ഥാനാര്‍ഥിയായ സദാശിവനും മെച്ചപ്പെട്ട പ്രചാരണ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ചവറയില്‍ മന്ത്രി ഷിബുവിനെതിരെ എന്‍.വിജയന്‍പിള്ളയാണ് കൊമ്പ് കോര്‍ക്കുന്നത്.

കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചവറ. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി എം.സുനിലും വാശിയേറിയ പ്രചാരണത്തിലാണ്. ആര്‍എസ്പി നേതാവായ എ.എ അസീസ് മത്സരിക്കുന്ന ഇരവിപുരത്തും ശക്തരായ സ്ഥാനാര്‍ഥികളാണ് എതിരാളികള്‍. എം.നൗഷാദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആക്കാവിള സാതിക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഏറ്റുമുട്ടുകയാണ്. ആര്‍എസ്പിക്കാര്‍ തമ്മില്‍ പൊരിഞ്ഞപോരാട്ടമാണ് കുന്നത്തൂരില്‍ നടക്കുന്നത് .കോവൂര്‍ കുഞ്ഞുമോനെതിരെ ഉല്ലാസ് കോവൂരാണ് മത്സരിക്കുന്നത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവനും മുന്‍നിരയിലാണ്. മുസ്ലിംലീഗ് നേതാവായ എ.നൂനുസ്കുഞ്ഞ് മത്സരിക്കുന്ന പുനലൂരും തീപാറുന്ന പ്രാചരണമാണ് നടന്നത് .ഇവിടെ സിറ്റിംഗ് എംഎല്‍എ ആയ കെ.രാജുവാണ് എതിരാളി.

ബിജെപി സ്ഥാനാര്‍ഥി സിസിന്‍ ഫെര്‍ണാ|സും വാശിയേറിയ പ്രചാരണമാണ് നടത്തിവരുന്നത്. പൊരിഞ്ഞ മത്സരം നടക്കുന്ന പത്തനാപുരം സിനിമാതാരങ്ങളുടെ മണ്ഡലമാണ്. കെബി ഗണേശ്കുമാറിനെതിരെ ജഗദീഷ് മെച്ചപ്പെട്ടപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.ബിജെപി സ്ഥാനാര്‍ഥിയായ ഭീമന്‍രഘുവും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലായിരുന്നു. ഇക്കുറി പരമാവധി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് മുന്നണികള്‍ മത്സരത്തിനിറക്കിയിട്ടുള്ളത്. ചുട്ടുപൊള്ളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആര് ജയിക്കുമെന്ന മുന്‍കൂട്ടി പറയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞതവ ണ ആറുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇക്കുറി ഏഴുസീറ്റുകളിലാണ് മത്സരം. നാല് സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.

Related posts