കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല! പച്ചമീന്‍, മാംസ വില കുതിക്കുന്നു; ബ്രോയിലര്‍ ചിക്കന്‍ വില 130 രൂപയിലെത്തി; നാടന്‍ കോഴിക്ക് 190 രൂപയും

fishതൊടുപുഴ: പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും പിന്നാലെ മത്സ്യ – മാംസ വിലയും കുതിക്കുന്നു. ബ്രോയിലര്‍ ചിക്കന്‍ വില 130 രൂപയിലെത്തി. നാടന്‍ കോഴിക്ക് 190 രൂപ നല്‍കണം. ആട്ടിറച്ചിക്ക് 580-600 രൂപയും പോത്തിറച്ചിക്ക് 240-260 രൂപയുമായി വില.

ചെറുമത്സ്യങ്ങള്‍ കിട്ടാനേയില്ലാത്ത സ്ഥിതിയാണ്. അയലയ്ക്ക് 280 രൂപയും മത്തിക്ക് 160 രൂപയും നല്‍കണം. കൊഴുവയ്ക്ക് 140 രൂപയും കിളിമീന് 130 രൂപയുമാണ്. വലിപ്പം അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്.  ഉണക്ക മീനിന്റെ വിലയും വര്‍ധിച്ചു. പൊടിമീന്‍ ഒരു കിലോയ്ക്ക് 160-180 രൂപയാണ്. സാധാരണഗതിയില്‍ ട്രോളിംഗ് നിരോധനകാലത്താണ് സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമാകുന്നതും വില ഉയരുന്നതും. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മത്സ്യലഭ്യതയെ ബാധിച്ചതാണ് വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ട്രോളിംഗ് നിരോധന കാലയളവില്‍ മാത്രമായിരുന്നു മത്സ്യങ്ങള്‍ക്ക് ഇത്രയധികം വില വധിച്ചിരുന്നത്.

നിരോധനം മാറുമ്പോള്‍ വിലയും കുറയുമായിരുന്നു. എന്നാല്‍ ഇത്തവണ ട്രോളിംഗ് നിരോധന കാലയളവില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടിയ വിലയാണ് നിരോധനം നീക്കിയപ്പോഴും ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ഏറെ താത്പര്യം ഉണ്ടായിരുന്ന മത്തിയുടെ ലഭ്യതയും കുറവായിരുന്നു. ഇതു പരിഹരിക്കാന്‍ ഒമാന്‍ മത്തി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും രുചി കുറവായതിനാല്‍ ആളുകള്‍ക്ക് താത്പര്യമില്ല. ഇത്തവണ പുഴമീനുകളുടെ ലഭ്യതയിലും വളരെയേറെ കുറവാണ് വന്നിരുന്നത്. ട്രോളിംഗ് നിരോധനകാലത്തു പോലും കടലിന്റെ അടിത്തട്ടില്‍ നിന്ന് കോരുവല ഉപയോഗിച്ച് മീന്‍ പിടിത്തം വ്യാപകമായിരുന്നു.

ചെറുമീനുകളെ കടലിലേക്കു തിരികെക്കളഞ്ഞിരുന്ന പതിവു മാറി. ഇപ്പോള്‍ അവയെ തൂത്തുവാരി എടുക്കുകയാണ്. വളത്തിനും കോഴിത്തീറ്റക്കുമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മുമ്പെങ്ങും ഉണ്ടാകാത്ത തരത്തില്‍ മത്സ്യക്ഷാമം തുടങ്ങിയത്. ഒരു കിലോ സാധാരണ കൊഞ്ചിന് 450 രൂപയും കരിമീനിനു 350 രൂപയുമാണ് മാര്‍ക്കറ്റിലെ വില.

കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ക്ഷാമം വീണ്ടും രൂക്ഷമാകുമെന്നും വില ഇനിയും ഉയരുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. കരിമീന്‍ അടക്കം സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മത്സ്യം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്. ഗുജറാത്ത്, ബംഗാള്‍, ആന്ധ്ര തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും മത്സ്യം എത്തുന്നത്.

Related posts