ഹരിപ്പാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഹരിപ്പാട് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റുകയും വൈദികരെ മർദിക്കുകയും ചെയ്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പള്ളിയുടെ ഭാഗത്തെ ദേശീയപാതയുടെ നിർമാണം ആരംഭിച്ചപ്പോൾ മുതൽ 1500 വർഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശും ചരിത്രപ്രാധാന്യമുള്ള പള്ളിയും പൊളിക്കരുതെന്ന ആവശ്യം പലതവണ കത്തിലൂടെയും നേരിട്ടും കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയേയും ദേശീയപാത അഥോറിറ്റിയേയും അറിയിക്കുകയും അതിനുവേണ്ടി വിശ്വാസികൾക്കൊപ്പം നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച എംപി പറഞ്ഞു.
കുരിശടിയേയും പള്ളിയെയും ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ പള്ളിയുടെ ഭരണസമിതിയെ കൂടി വിശ്വാസത്തിലെടുത്തു മാത്രമേ ആ ഭാഗത്തു നിർമാണം നടത്താവൂ എന്ന കാര്യം പലതവണ, പ്രാദേശികമായി ദേശീയപാത നിർമാണ ചുമതലവഹിക്കുന്ന പ്രൊജക്റ്റ് ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നുവെന്നും അവർ അക്കാര്യം ഉറപ്പു നല്കിയിരുന്നുവെന്നും എംപി പറഞ്ഞു.
എന്നാൽ, ഉറപ്പിനു വിപരീതമായി നടപടിയെടുത്ത ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ എംപി ശക്തമായ പ്രതിഷേധമറിയിച്ചു.വികാരി ഫാ. ബിജി ജോൺ, ഫാ. ബിനു തോമസ്, ഇടവക ഭരണസമിതി അംഗങ്ങൾ, വിശ്വാസികൾ എന്നിവരോടൊപ്പം എംപി സംഭവസ്ഥലം സന്ദർശിച്ചു.