തിരുവനന്തപുരം: സൗമ്യവധക്കേസ് എന്നാണ് സുപ്രീംകോടതിയിലെത്തുന്നതെന്ന് പോലും സര്‍ക്കാരിന് അറിവില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയെതന്നും ചെന്നിത്തല ആരോപിച്ചു.
സൗമ്യവധക്കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് പ്രഗത്ഭനായ ജസ്റ്റീസ് തോമസ് പി.ജോസഫിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ കേസ് നടപടികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നില്ല. കേസ് എന്നാണ് സുപ്രീംകോടതിയിലെത്തുന്നതെന്ന് പോലും സര്‍ക്കാരിന് അറിവില്ലായിരുന്നു. പുതിയ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാന്റിംഗ് കോണ്‍സലിന് കേസില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയി. അത്യാവശ്യം ഗൃഹപാഠം പോലും നടത്താതെ വളരെ ലാഘവത്തിലാണ് സര്‍ക്കാര്‍ കേസ് സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്തത്- ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആ ജാഗ്രതയെ തട്ടിത്തെറിപ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തതെന്നും സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്്ട് മാത്രമാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയെതന്നും ചെന്നിത്തല ആരോപിച്ചു.