കോട്ടയം: തിരുവഞ്ചൂര്‍ മോസ്കോ കവലയ്ക്കു സമീപം പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ ജലവിതരണം വീണ്ടും പ്രതിസന്ധിയിലായി. നാലു ദിവസമായി കോട്ടയം നഗരത്തിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ വലയുകയാണ്. പൂവത്തൂംമൂട് പമ്പ് ഹൗസില്‍ നിന്ന് കോട്ടയം വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഓവര്‍ ഹെഡ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പൊട്ടിയത്. ഇതോടെ പമ്പിംഗ് നിര്‍ത്തിവച്ചു.
ഇനി പൈപ്പ് നന്നാക്കാതെ പമ്പിംഗ് തുടരാനാവില്ല. എപ്പോള്‍ പണി തിരുമെന്നോ പമ്പിംഗ് എപ്പോള്‍ ആരംഭിക്കുമെന്നോ പറയാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ്. പൂവത്തുംമൂട്ടിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് പൊട്ടിയതു മൂലം ശനിയാഴ്ച മുതല്‍ ജലവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് തകരാര്‍ പരിഹരിച്ച് പമ്പിംഗ് തുടങ്ങിയത്. പമ്പിംഗ് തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകമാണ് വീണ്ടും പൈപ്പ് പൊട്ടിയത്.
നാലു ദിവസമായി കോട്ടയം നഗരത്തില്‍ ഒരു തുള്ളി വെള്ളം വിതരണം ചെയ്തിട്ടില്ല. ഇപ്പോള്‍ തന്നെ ജനം വെള്ളം കിട്ടാതെ വലയുകയാണ്. ഇനി പൈപ്പ് പൊട്ടല്‍ പരിഹരിച്ച് എപ്പോള്‍ പമ്പിംഗ് തുടരാനാകുമെന്ന് ഒരു നിശ്ചയവുമില്ല. എഇ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരെയും ലൈനില്‍ കിട്ടുന്നില്ല.
ഓഫീസുകളില്‍ രാവിലെ എത്തിയ പ്യൂണ്മാര്ക്കും ട്രെയിനികള്‍ക്കും ജലവിതരണം സംബന്ധിച്ച ഒരു കാര്യവും വിശദീകരിക്കാനാവാതെ അവരും കുഴയുകയാണ്. വെള്ളം എപ്പോള്‍ വരുമെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്കാന് അവര്‍ക്ക് കഴിയുന്നില്ല.