കോട്ടയം: നഗരത്തിലെ കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍. കാല്‍നട യാത്രക്കാര്‍ക്കു സുരക്ഷിതമായി റോഡു മുറിച്ചു കടക്കാന്‍ മാര്‍ഗമില്ല. നഗരത്തിലുള്ള ഒട്ടുമിക്ക സീബ്രാലൈനുകളും മാഞ്ഞു. സീബ്രാലൈന്‍ മാഞ്ഞ സ്ഥലത്തുകൂടി പണ്ട് ഇവിടെയൊരു സീബ്രാലൈനുണ്ടായിരുന്നുവെന്ന ഓര്‍മയില്‍ റോഡ് മുറിച്ചു കടക്കേണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാര്‍. ചില സ്ഥലങ്ങളില്‍ വഴിയാത്രക്കാര്‍ റോഡ്മുറിച്ചു കടക്കുന്നതു കാണാത്തമട്ടിലാണു വാഹനങ്ങള്‍ സീബ്രാലൈനിലൂടെ കയറി വരുന്നത്.
ജീവനില്‍ ഭയന്നു യാത്രക്കാര്‍ ഓടി മാറുന്നതു പതിവു കാഴ്ചയാണ്. പലരും സീബ്രാലൈന്‍ ഇവിടെയൊന്നും ഇല്ലല്ലോ, പിന്നെന്തിനാ ഇതുവഴി റോഡ് ക്രോസ് ചെയ്യുന്നത് എന്ന മട്ടിലാണു വാഹനങ്ങളുമായി മരണപ്പാച്ചില്‍ നടത്തുന്നത്. സ്കൂള്‍ കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണ് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്നത്.
യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ കൈ കാണിച്ച് വാഹനങ്ങള്‍ നിര്ത്തിച്ചാലും തൊട്ടുപുറകെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കുന്നതിനായ് സീബ്രാലൈനുകള്‍ മറന്നു പാഞ്ഞെത്തുകയാണ്. ബൈക്കുകളാണു കൂടുതലും ഇത്തരത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത്. നഗരത്തിലെ റോഡുകള്‍ നവീകരിച്ചതിനുശേഷം പല പ്രധാന റോഡുകളിലും സീബ്രാ ലൈനുകള്‍ വരച്ചിട്ടില്ല.
ശീമാട്ടി റൗണ്ടാനയ്ക്കുസമീപവും ബേക്കര്‍ ജംഗ്ഷനു സമീപവുമാണ് സീബ്രാലൈന്‍ മാഞ്ഞതിനാല്‍ റോഡുമുറിച്ചു കടക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും നഗരത്തിലെ പ്രധാന സീബ്രാലൈനുകളില്‍ പോലീസുകാര്‍ വാഹനങ്ങള്‍ നിര്‍ത്തിച്ചു യാത്രക്കാരെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നുണ്ട്. ഉടന്‍ തന്നെ സീബ്രലൈനുകള്‍ വരയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.