കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

pkd-waterചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ നിര്‍മലപുരം – നാഗപ്പാറ, തൊടുകമല, വഞ്ചികപ്പാറ, പുല്ലാന്നിപ്പാറ, കിടികെട്ടിപ്പാറ മലയോരമേഖലകളില്‍  കുടിവെള്ളക്ഷാമം ഇപ്പോള്‍തന്നെ രൂക്ഷമായി. പ്രദേശത്തെ കിണറുകളെല്ലാം തന്നെ വറ്റിവരണ്ട നിലയിലാണ്. മലമ്പാറ വാട്ടര്‍ സപ്ലൈ സ്കീമിന്റെ പരിധിയില്‍ വരുന്ന തൊടുകമല, നിര്‍മലപുരം – നാഗപ്പാറ തോട്ടത്തുംകുഴി, കരിപ്പാല്‍ പ്രദേശങ്ങളിലെ ജലവിതരണ കുഴലുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകളേറെയായി.

ജലവിതരണക്കുഴലുകള്‍ പുനരുദ്ധരിച്ചാല്‍ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായേക്കും. ലക്ഷങ്ങള്‍ അനുവദിച്ച വഞ്ചികപ്പാറ, തൊടുകമല, കരിപ്പാല്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായുള്ള വിതരണ കുഴലുകള്‍ ഇതേവരെയും സ്ഥാപിക്കാനായിട്ടില്ല. ഈ പ്രദേശങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ നിമിത്തം ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനും സാധിക്കാത്ത സ്ഥിതിയാണുള്ളത്.

കിലോമീറ്ററുകള്‍ തലച്ചുമടായാണ് ഇപ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളം വീട്ടിലേക്കു കൊണ്ടുവരുന്നത്. മാരംകുളം, നിര്‍മലപുരം, നാഗപ്പാറ, കരിപ്പാല്‍, തോട്ടത്തുംകുഴി മേഖലകളിലെ ജലവിതരണ കുഴലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തംഗം ഫ്രാന്‍സിസ് തോമസ് മന്ത്രി മാത്യു ടി. തോമസിനു നിവേദനം നല്കി.

Related posts