കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലെ മോഷണം: പോലീസ് അന്വേഷണം ആരംഭിച്ചു

klm-guhaഅഞ്ചല്‍: കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലെ വഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില്‍ കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍തന്നെ ക്ഷേത്രഭാരവാഹികളേയും നാട്ടുകാരേയും വിവരം അറിയിച്ചു. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ശ്രീകോവിലുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടു വഞ്ചിപ്പെട്ടി ഉള്‍പ്പെടെ മൂന്ന് വഞ്ചിപ്പെട്ടികളാണ് മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ച് പണം അപഹരിച്ചത്. മോഷണശ്രമത്തിനിടെ രണ്ട് ശ്രീകോവിലുകളുടേയും വാതിലും മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു.

ഒരുമാസം മുമ്പാണ് ക്ഷേത്രത്തിലെ വഞ്ചി ഭാരവാഹികള്‍ അവസാനമായി തുറന്നത്. ഇതിനാല്‍ ഓരോ വഞ്ചിയില്‍ നിന്നും ആയിരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും 2000 വര്‍ഷത്തോളം പഴക്കമുള്ളതുമായ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമാണിത്. വയലുകള്‍ക്ക് മധ്യഭാഗത്തായാണ് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിനാല്‍തന്നെ മോഷണത്തിടെ ശബ്ദമുണ്ടായാല്‍പോലും പ്രദേശവാസികള്‍ക്ക് അറിയാന്‍ കഴിയില്ല. രണ്ടാഴ്ചമുമ്പ് പുരാവസ്തുവകുപ്പിലേയും ദേവസ്വം ബോര്‍ഡിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി ധാരണയുള്ളവരാണ് മോഷണം നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വംബോര്‍ഡ് കൊട്ടാരക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.  മോഷ്ടാക്കളെ സംബന്ധിച്ച ചില സംശയാസ്പദമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കടയ്ക്കല്‍ സിഐ സാനി, കടയ്ക്കല്‍ എസ്‌ഐ റിന്‍സ് എം തോമസ് എന്നിവരെ കൂടാതെ വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.

Related posts