സ്വന്തം ലേഖകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള അഭിപ്രായ സ്വരൂപീകരണ യോഗം അവസാനിച്ചു. ഒട്ടിച്ച കവറില്‍ സ്വീകരിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചു സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായവരുടെ പട്ടിക നാളെ കെപിസിസിക്കു സമര്‍പ്പിക്കുമെന്നു ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി അറിയിച്ചു. സിറ്റിംഗ് എംഎല്‍എമാരുള്ള അഞ്ചു നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച കവറുകള്‍ പൊട്ടിക്കാതെ നേരിട്ടു കൈമാറും. പാര്‍ട്ടി ജയിച്ച സീറ്റുകളില്‍ കെപിസിസി നേതൃത്വമാണു സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നത്. ചാലക്കുടി, ഒല്ലൂര്‍, മണലൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാനുള്ള നാമനിര്‍ദേശങ്ങളാണ് ഇന്നലെ സ്വീകരിച്ചത്.
ഈ മണ്ഡലങ്ങളിലെ നാമനിര്‍ദേശങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ചാലക്കുടി-എം.പി. ജാക്‌സണ്‍, പൈലപ്പന്‍, ടി.യു. രാധാകൃഷ്ണന്‍, ജോസ് വള്ളൂര്‍. ഒല്ലൂര്‍-എം.പി. വിന്‍സന്റ്, നിജി ജസ്റ്റിന്‍, ജോസ് വള്ളൂര്‍. മണലൂര്‍-വി.എം. സുധീരന്‍, പി.എ. മാധവന്‍, സി.ഐ. സെബാസ്റ്റ്യന്‍. കയ്പമംഗലം-എം.കെ. അബ്ദുള്‍ സലാം, സുനില്‍ അന്തിക്കാട്, പി.എം. നാസര്‍, ടി.എന്‍. പ്രതാപന്‍. കൊടുങ്ങല്ലൂര്‍-ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍.
നാട്ടിക, പുതുക്കാട്, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, തൃശൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവരശേഖരണമാണ് ശനിയാഴ്ച നടത്തിയത്. ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഇങ്ങനെയാണ്. നാട്ടിക-കെ.വി. ദാസന്‍, എന്‍.കെ. സുധീര്‍, എ.എസ്. വേലായുധന്‍, സുനില്‍ ലാലൂര്‍, ജയപ്രകാശ് പൂവത്തിങ്കല്‍. പുതുക്കാട്-എം.പി. ഭാസ്കരന്‍ നായര്‍, സി.ഐ. സെബാസ്റ്റ്യന്‍, ടി.ജെ. സനീഷ്കുമാര്‍, വിജയ് ഹരി, ജോസഫ് ചാലിശേരി, അഡ്വ. സുബി ബാബു, കല്ലൂര്‍ ബാബു, ജോസഫ് ടാജറ്റ്. ചേലക്കര-സി.സി. ശ്രീകുമാര്‍, കെ.ബി. ശശികുമാര്‍, എന്‍.കെ. സുധീര്‍. വടക്കാഞ്ചേരി-മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, അനില്‍ അക്കര, കെ. അജിത്കുമാര്‍, സുന്ദരന്‍ കുന്നത്തുള്ളി. കുന്നംകുളം-ഒ. അബ്ദുഹറിമാന്‍കുട്ടി, ജോസഫ് ചാലിശേരി. തൃശൂര്‍-തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, പത്മജ വേണുഗോപാല്‍, കെ. രാധാകൃഷ്ണന്‍, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ടി.വി. ചന്ദ്രമോഹന്‍.
ലീഗ് സീറ്റായ ഗുരുവായൂര്‍, കേരള കോണ്‍ഗ്രസ് സീറ്റായ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്കു കാര്യമായ ചര്‍ച്ച ഉണ്ടായില്ല. രണ്ടുദിവസങ്ങളിലായി ഡിസിസിയില്‍ നടന്ന യോഗത്തില്‍ 13 നിയോജകമണ്ഡലങ്ങളിലേയും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരില്‍നിന്നാണ് അഭിപ്രായ സ്വരൂപീകരണം നടത്തിയത്. തങ്ങളുടെ നിയോജക മണ്ഡലത്തിലെ അനുയോജ്യരായ സ്ഥാനാര്‍ഥിയുടെ പേരെഴുതി കവറിലാക്കി ഒട്ടിച്ചാണു നേതൃത്വത്തിനു കൈമാറിയത്. സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റയും സമര്‍പ്പിച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറ ഹിമന്‍കുട്ടി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പത്മജ വേണുഗോപാല്‍, ഭാരതീപുരം ശശി എന്നിവരാണ് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. ഇന്ന് എല്ലാ കവറുകളും തുറന്നു പരിശോധിച്ചശേഷം ഓരോ മണ്ഡലത്തിലും ലഭിച്ച നാമനിര്‍ദേശങ്ങള്‍ പരിഗണിച്ച് അതതു മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യരായവരുടെ പട്ടിക തയാറാക്കും. കുന്നംകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്കു നല്കുന്നത് അവസാനിപ്പിക്കണമെന്നു വിവിധ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുന്നംകുളം സി എംപിക്കു നല്കരുതെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.