കോഴഞ്ചേരി: സിപിഎം-സിപിഐ തര്‍ക്കം സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാറാണ് ഇന്നലെ രാജിവച്ചത്. കോഴഞ്ചേരിയുടെ സമഗ്രവികസനത്തിനായി 2001 ല്‍ അന്നത്തെ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതി കോഴഞ്ചേരി – വണ്ടിപ്പേട്ടയിലെ 9.5 സെന്റ് സ്ഥലം സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത സ്ഥലം പട്ടയ ഭൂമിയാണെന്ന് കാണിച്ച് ഉടമകള്‍ ദീര്‍ഘകാലമായി വിവിധ കോടതികളില്‍ കേസ് നടത്തി വരികയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത സ്ഥലം ഉടമകള്‍ക്ക് തിരികെ നല്‍കുകയോ അല്ലെങ്കില്‍ തത്തുല്യമായ വിലയുള്ള ഭൂമി കോഴഞ്ചേരിയിലോ സമീപ സ്ഥലങ്ങളിലോ നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ച് 31 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും, നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം തന്ത്രപൂര്‍വമായി ഇടപെട്ട് അപ്പീല്‍ നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നെന്നും ഇതില്‍ പ്രതിഷേധിച്ചാണ് വൈസ് പ്രസിഡന്റ് രാജിവെച്ചതെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
ഹൈക്കോടതി വിധിക്കെതിരെ നിയമാനുസൃതമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഒരു സാഹചര്യം ബോധപൂര്‍വം ഉണ്ടാക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വം ശ്രമിക്കുന്നതെന്നും സിപിഐ ആരോപിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതാണ്. എന്നാല്‍ ഈ തീരുമാനത്തിന് വിരുദ്ധമായ സമീപനമാണ് ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളായ അഡ്വ ഡി. ശ്രീരാജും, ജോമോന് പുതുപ്പറമ്പിലും പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി അപ്പീല്‍ കൊടുക്കാത്ത സാഹചര്യത്തില്‍ തങ്ങളും കോണ്‍ഗ്രസിന്റെ മറ്റൊരംഗമായ സാറാമ്മ ഷാജനും കേസില്‍ കക്ഷി ചേരുമെന്നും ഇവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ രാജി പിന്‍വലിക്കാനുള്ള ചര്‍ച്ചകളും ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചിട്ടുണ്ട്. സിപിഎം സിപിഐ ജില്ലാ നേതൃത്വം പരസ്പരം ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ സിപിഎം-മൂന്ന്, സിപിഐ ഒന്ന്, ജനതാദള്‍ -ഒന്ന് , സിപിഎം എംഎല് – ഒന്ന്, കോണ്‍ഗ്രസ് -മൂന്ന്, കേരള കോണ്‍ഗ്രസ്- എം രണ്ട്, ബിജെപി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.