കോഴാ സര്‍ക്കാര്‍ ഫാമില്‍ വിളവെടുപ്പിന് ‘ഉമ”തയാര്‍

pkd-nelluകുറവിലങ്ങാട്: കോഴാ സംസ്ഥാന സീഡ് ഫാമിന്റെ നിയന്ത്രണാധികാരികളായ കോട്ടയം ജില്ലാ പഞ്ചായത്തിനും വിവിധ തൊഴിലാളി യൂണിയനുകള്‍ക്കും ഇപ്പോള്‍ അഭിമാനിക്കാം. ജനകീയ ഇടപെടലില്‍ കൃഷിയിറക്കിയ സംസ്ഥാന സര്‍ക്കാര്‍ പാടത്ത് വിളവെടുപ്പിന് തുടക്കമാകുമ്പോള്‍ അതൊരു സംഘടിത നേതൃത്വത്തിന്റെ വിജയവുമാണ്. സര്‍ക്കാര്‍ ഫാമില്‍ ആകെയുള്ള 25 ഏക്കറില്‍ പാടമായ 20.5 ഏക്കര്‍ നെല്‍കൃഷിയില്‍ ആദ്യം കൃഷി നടത്തിയ 2.2 ഏക്കര്‍ സ്ഥലത്ത് കൊയ്ത്ത് ആരംഭിക്കുകയാണ്.  ഈ പാടത്തെ കൊയ്ത്ത് കഴിഞ്ഞാല്‍ രണ്ടാംഘട്ടം കൃഷിനടത്തിയ 6.5 ഏക്കര്‍ സ്ഥലത്തെ വിളവെടുപ്പ് ആരംഭിക്കാനാകും. ഇതിന് പിന്നാലെ ജനപ്രതിനിധികളുടേയും തൊഴിലാളി സംഘടനകളുടേയും ശ്രമഫലമായി കൃഷി നടത്തിയ പാടവും വിളവെടുക്കാനാകും.

ആകെയുള്ള 20.5 ഏക്കര്‍ പാടത്തില്‍ എട്ടര ഏക്കറോളം പാടത്ത് മാത്രമായിരുന്നു കൃഷിയിറക്കിയത്. തൊഴിലാളി ക്ഷാമത്തിന്റെ പേരു പറഞ്ഞ് ബാക്കി സ്ഥലം തരിശിട്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ഫാമിന്റെ നിയന്ത്രണാധികാരികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലിയും രംഗത്തെത്തിയതോടെ തൊഴിലാളി യൂണിയന്‍ നേതാക്കളും രംഗത്ത് സജീവമാകുകയായിരുന്നു. തൊഴിലാളി യൂണിയനുകള്‍ രാഷ്ട്രീയം മറന്ന് ഒരുമിക്കുകയും ചെയ്തു.

ഫാം കൗണ്‍സില്‍ യോഗവും തീരുമാനങ്ങളും ശക്തമായതോടെ മുഴുവന്‍ പാടത്തും കൃഷിയിറക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പാടം മുഴുവനും പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന കാഴ്ച നാടിന് തന്നെ സന്തോഷമാണ് സമ്മാനിക്കുന്നത്. പാലാ റോഡിന് പാര്‍ശ്വത്തുള്ള പാടമാണ് സ്വര്‍ണവര്‍ണമായി വിളവെടുപ്പിന് തയ്യാറായിട്ടുള്ളത്. നല്ലവിളവാണ് ഒരുങ്ങിയിട്ടുള്ളതെന്നത് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ഒരേപോല്‍ ആവേശവും സമ്മാനിക്കുന്നുണ്ട്. ഉമ വിത്താണ് ഫാമില്‍ ഇക്കുറി കൃഷിയിറക്കിയിട്ടുള്ളത്.

സീഡ്ഫാമില്‍ നിന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് സ്ഥലം മാറിയ തൊഴിലാളികളെ സീഡ്ഫാമിലെ തൊഴിലാളികള്‍ക്കൊപ്പം പ്രയോജനപ്പെടുത്തിയാണ് ഫാമില്‍ പൂര്‍ണ്ണമായി കൃഷിയിറക്കിയത്. ഇന്ന് വിളവെടുപ്പ് തുടങ്ങുന്ന പാടത്ത് താമസമില്ലാതെ അടുത്ത കൃഷിയിറക്കാനാകുന്ന സാഹചര്യവുമുണ്ട്. അവസാനവട്ടം കൃഷിയിറക്കിയ 11 ഏക്കറോളം വരുന്ന പാടത്ത് വേനല്‍കടുത്താല്‍ വെള്ളത്തിന് ക്ഷാമം നേരിടുന്ന സാഹചര്യം ഉടലെടുത്തേക്കും.

Related posts