കോഴിക്കോട്ട് ജ്വല്ലറിയില്‍ തീപിടിത്തം: ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം

fireകോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. ജീവന്‍ പണയപ്പെടുത്തി ഫയര്‍ഫോഴ്‌സ് നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലം അപകടം തലനാരിഴയ്ക്ക് ഒഴിവായി. കോഴിക്കോട് പാവമണി റോഡിലെ ലുലു ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.

നാലു നിലകളുള്ള ജ്വല്ലറിയുടെ നാലാം നിലയിലെ കാന്റീനില്‍നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീപ്പൊരി ചിതറിയത്. തീ പടരുന്നതു കണ്ടയുടന്‍ ജീവനക്കാര്‍ ചേര്‍ന്നു തീ കെടുത്താനുള്ള ഉപകരണം ഉപയോഗിച്ചെങ്കിലും കെട്ടിടം മുഴുവന്‍ പുകയില്‍ മുങ്ങുകയായിരുന്നു. തീ അണഞ്ഞെന്നു കരുതിയ ജീവനക്കാര്‍ മാറി നിന്നെങ്കിലും പുക ഉയരാന്‍ തുടങ്ങിയതോടെ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഉച്ചയ്ക്കു രണ്ടോടെ ബീച്ചില്‍നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിനു പുക തിങ്ങി നിറഞ്ഞതിനാല്‍ കെട്ടിടത്തിനകത്തേക്കു കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബീച്ചില്‍ നിന്നു രണ്ടു യൂണിറ്റുകള്‍കൂടി പെട്ടെന്നു സ്ഥലത്തെത്തി. സംഭവസമയത്തു കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയവരെയും പുറത്തെത്തിച്ച ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കാന്‍ മുകളിലെ നിലയിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും പുക മൂലം സാധിച്ചില്ല. തുടര്‍ന്നു കെട്ടിടത്തിന്റെ പുറകിലുള്ള എമര്‍ജന്‍സി എക്‌സിറ്റ് വഴി പുക ഉയര്‍ന്ന മൂന്നാം നിലയിലേക്കു വെള്ളം ചീറ്റാന്‍ തുടങ്ങിയെങ്കിലും തീയുടെ ഉത്ഭവം കണ്ടെത്താനായില്ല.

സമയം മൂന്നായതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍നിന്നും മലപ്പുറത്തുനിന്നും 14ഓളം യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കാന്റീനില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നു ജീവനക്കാര്‍ പറഞ്ഞതനുസരിച്ചു വളരെ കരുതലോടെയാണു ഫയര്‍ഫോഴ്‌സ് ജോലി തുടര്‍ന്നത്. അതേസമയം, അഗ്നിക്കിരയായ കെട്ടിടത്തിനു മുന്നില്‍ രണ്ടു പെട്രോള്‍ പമ്പും ഒരു ബിവറേജസ് ഔട്ട്‌ലെറ്റും ഉള്ളതും ആശങ്കയ്ക്കിടയാക്കി. കാന്റീനില്‍ അഞ്ച് ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു അവ കണ്ടെത്താനായിരുന്നു ഫയര്‍ഫോഴ്‌സ് ആദ്യം ശ്രമിച്ചത്. ജനലും വാതിലുമില്ലാത്ത കെട്ടിടത്തില്‍ പുക തിങ്ങി നിറഞ്ഞതിനാല്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്തു കടന്നാണ് ഉദ്യോഗസ്ഥര്‍ ഗ്യാസ് സിലിണ്ടര്‍ പുറത്തേക്കെത്തിച്ചത്. തുടര്‍ന്ന് അഞ്ചോടെ തീ നിയന്ത്രണ വിധേയമാക്കി. വെറും രണ്ട് ഫ്രഷ് എയര്‍ സിലിണ്ടര്‍ മാസ്ക് ഉപയോഗിച്ച് അപകടകരമായ അവസ്ഥയിലേക്ക് ഊര്‍ന്നിറങ്ങി ജിവന്‍പോലും പണയം വച്ചാണു ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയ ഉടനെ ജീവനക്കാരെയും മറ്റും കെട്ടിടത്തില്‍നിന്നു പുറത്തേക്കെത്തിച്ചതിനാല്‍ ആളപായമുണ്ടായില്ല. അതിനിടെ, സ്വര്‍ണവും ഡയമണ്ടുമടക്കം വിലപിടിപ്പുള്ള കുറച്ച് വസ്തുക്കള്‍ പുറത്തെത്തിച്ചതിനാല്‍ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്തു.

പോലീസും തക്ക സമയത്തു കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. പാവമണി റോഡ് മുഴുവനായി ബ്ലോക്ക് ചെയ്താണു പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കാന്‍ വഴിയൊരുക്കിയത്. അരകിലോമീറ്ററോളം ദൂരത്തില്‍ പാവമണി റോഡില്‍ ആളെ ഒഴിപ്പിച്ചു. ജ്വല്ലറിക്കു സമീപമുള്ള മറ്റു കടകളും ഒഴിപ്പിച്ചു. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടം ഒഴുകിയെത്തി. കോഴിക്കോട് സ്വദേശിയായ അബ്ദുറഹിമാന്‍ കല്ലായി ചെയര്‍മാനായ ലുലുഗോള്‍ഡ് ഗ്രൂപ്പിന്റേതാണു പാവമണി റോഡില്‍ പ്രവര്‍ത്തിക്കുന്ന ലുലുഗോള്‍ഡ്. കണ്ണൂരിലും തലശേരിയിലുമടക്കം മൂന്ന് ജ്വല്ലറികളും രണ്ട് ടെക്‌സ്റ്റൈല്‍സുകളുമാണു ഗ്രൂപ്പിനു കേരളത്തിലുള്ളത്.

Related posts